2011, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

ഈ കാലമെന്‍ പ്രവാസകാലം


മരുഭൂമിയുടെയൊരീ  മടുപ്പിക്കുന്നോരാ നിറമെന്‍
നാടിന്റെ ഹരിത നിറമായ്‌ മാറിയെങ്കിലെന്നെന്‍
മിഴികള്‍ ആശിച്ചിടുന്നോരീ കാലമെന്‍ പ്രവാസകാലം ...

വര്‍ഷത്തിലെപ്പോഴോ നാമമാത്രമായ് പെയ്യുന്നൊരീ
മരുമഴയില്‍ നാട്ടിലെ വര്‍ഷകാലമോര്‍ത്തെന്‍
മനവും മിഴിയും കുളിര്‍ക്കുന്നോരീ കാലമെന്‍ പ്രവാസകാലം ...

കത്തി ജ്വലിക്കുമീ സൂര്യനിലെയ്ക്കുള്ളൊരാ ദൂരം
നാട്ടിലെ സൂര്യനെക്കാള്‍ അരികിലെന്നു ഞാന്‍
തിരിച്ചറിയുന്നോരീ കാലമെന്‍ പ്രവാസകാലം …

കടലുതാണ്ടി വന്നോരീ കരയിലും കടല് കടന്നു
തിരിച്ചു പോയിടുകിലെന്‍ ജന്മനാട്ടിലും അതിഥിയായ്
വസിച്ചിടുന്നോരീ കാലമെന്‍ പ്രവാസകാലം ...

കളിയും തമാശയും ശകാരവും ഊട്ടിതന്നോരെന്നാ പഴയ
ബന്ധുമിത്രാദികളില്‍ കൃത്രിമമാമൊരു ബഹുമാനം മാത്രം
മുഖപ്രസാദമായ് വിടരുന്നോരീ കാലമെന്‍ പ്രവാസകാലം ...

ഇന്ന് ഞാന്‍ കാണുന്നൊരീ പല പുതുമുഖങ്ങളിലും
അന്ന് ഞാന്‍ കണ്ട പരിചിത മുഖങ്ങളെ
തിരയുന്നോരീ കാലമെന്‍ പ്രവാസകാലം ...

ആഗ്രഹങ്ങള്‍ തീര്‍ത്തൊരാ സിംഹാസനമതില്‍ ഉപവിഷ്ടനായ്
സ്വപ്നങ്ങള്‍ക്കു ചിറകു മുളപ്പിച്ചു ദീനങ്ങള്‍ക്ക്
സ്വാഗതമോതുന്നോരീ കാലമെന്‍ പ്രവാസകാലം…

പ്രിയരാമൊരാ മിത്രങ്ങളുടെ വിവാഹവും വേര്‍പാടും
മന:കണ്ണുകളില്‍ സങ്കല്‍പ്പിച്ചീടുവാനുള്ളൊരാ ദിവ്യശക്തിയാല്‍
അനുഗ്രഹീതനായിടുന്നോരീ കാലമെന്‍ പ്രവാസകാലം ...

ഇന്നില്ലെങ്കിലെന്തു നാളെയുണ്ടല്ലോ നാളെയില്ലെങ്കിലെന്തു മറ്റന്നാളുണ്ടല്ലോ
എന്നിങ്ങനെയോര്‍ത്തു നാളുകളൊടുക്കി സ്വന്തമായൊരു ദിനം
പോലുമില്ലാത്തൊരീ പ്രവാസി തന്‍ കാലം പ്രവാസകാലം.

                      **********************

2 അഭിപ്രായങ്ങൾ:

  1. nalla varikal... ardhavathaya varikal. kooduthal ezhuthuka


    ഇന്നില്ലെങ്കിലെന്തു നാളെയുണ്ടല്ലോ നാളെയില്ലെങ്കിലെന്തു മറ്റന്നാളുണ്ടല്ലോ
    എന്നിങ്ങനെയോര്‍ത്തു നാളുകളൊടുക്കി സ്വന്തമായൊരു ദിനം
    പോലുമില്ലാത്തൊരീ പ്രവാസി തന്‍ കാലം പ്രവാസകാലം.

    മറുപടിഇല്ലാതാക്കൂ