2011, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

എന്റെ ദേവാലയം


പിറന്നു വളര്‍ന്നൊരീ നാടാണെനിക്കു ദേവാലയം
കൈ പിടിച്ചുയര്‍ത്തിയൊരെന്‍ പ്രിയരാണെനിക്കു ദൈവങ്ങള്‍
മഴയ്ക്കും വെയിലിനും കാറ്റിനും എവിടെയുണ്ടീയിത്ര
മധുരം എന്റെ നാട്ടിലെയെന്നപോല്‍
ഞാന്‍ എന്റെ ദേവാലയത്തില്‍ വെറുമൊരു വിരുന്നുകാരനായിടുമ്പോള്‍
ഇന്നീ സ്മരണകള്‍ക്ക് പതിന്മടങ്ങേറിയിടും മാധുര്യം.

പച്ചപ്പു നിറഞ്ഞ വയലേലകള്‍ക്കിടയില്‍ തീര്‍ത്തൊരാ
പാത വരമ്പുകളിലൂടെ നെല്‍ മണി കതിരിനെ തലോടി നടന്നതും
മഴയില്‍ തീര്‍ത്തൊരാ തടം വെള്ളത്തിലെ ചെറു മീനുകളെ
ഇരു കൈ വെള്ളയ്ക്കിടയിലുമായ് കോരിയെടുത്തതും
അമ്പല കുളങ്ങളില്‍ മുങ്ങാന്‍ കുഴിയിട്ടു അക്കര പിടിച്ചതും
മഴതോര്‍ന്നതിന്‍ ശേഷമാ മാവിന്‍ ചില്ലയുടെ തുമ്പ് കുലുക്കി
കളി കൂട്ടുകാരനെ നനയിപ്പിച്ചതും
മേടമാസത്തില്‍ അതിഥികളായ് വരുന്നൊരാ
മാട പ്രാവുകള്‍ക്ക് അരിയെറിഞ്ഞു കൊടുത്തതും..
എല്ലാമെല്ലാം ഇന്നെനിക്കു സ്വന്തമായൊരെന്‍ ദേവാലയ സ്മരണകള്‍

നഷ്ടമാണോ നേട്ടമാണോ ഈ സ്മരണകള്‍
എന്നു വേര്‍തിരിച്ചെടുക്കാനറിയാതെ
ഇന്നീ മരുഭൂമിയില്‍ നിസ്സഹായനായ് ഞാനുമെന്‍ ദേവാലയ സ്മരണകളും....

   *********************************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ