2011, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

മദ്ധ്യവേനലിലെ മരിക്കാത്ത ഓര്‍മ്മകള്‍

            എന്റെ കുട്ടിക്കാലത്തെ ഏപ്രില്‍ മെയ് മാസങ്ങള്‍ക്ക് ഇന്നുള്ള ഈ ചൂട് ഉണ്ടായിരുന്നുവോ സത്യത്തില്‍??അന്നതൊന്നും അറിഞ്ഞിരുന്നില്ല. എന്തൊക്കെ കളികള്‍...എന്തൊക്കെ കുരുത്തക്കേടുകള്‍...എല്ലാറ്റിനും ലൈസൻസ് കിട്ടുന്ന രണ്ടു മാസങ്ങളായിരുന്നു അത്. അമ്മയുടെ വീട്ടിലായിരുന്നു എന്റെ രണ്ടു മാസക്കാലം നീളുന്ന പ്രകടനങ്ങള്‍.

          രാവിലെ ഉണരുന്ന കാര്യത്തില്‍ പണ്ടേ ഞാന്‍ കേമനായിരുന്നു.പ്രഭാത ഭക്ഷണം കഴിക്കേണ്ട ആവശ്യം അന്നുമെനിക്കുണ്ടായിരുന്നില്ല. നേരിട്ടു ഉച്ച ഭക്ഷണമായിരുന്നു പതിവ്. അതിനു മുന്നോടി ആയ് ബാലരമ, പൂമ്പാറ്റ, ബാലമംഗളങ്ങളില്‍ ( വേറെയും പലതുമുണ്ട് ) ഒരു ഓട്ട പ്രദക്ഷിണം നടത്തിയില്ലെങ്കില്‍ ഒന്നും അങ്ങടു ശരി ആകുമായിരുന്നില്ല. ശക്തരില്‍ ശക്തനായ ഡിങ്കനും രക്ഷകനായ മായാവിയും പിന്നെ രാജുവും രാധയും മുത്തുവും വിക്രമനും കപീഷും ഒക്കെ ഇന്നും ജീവിചിരിപ്പുണ്ടൊ എന്തോ??

              അച്ചാച്ചന്‍ മലായില്‍ നിന്നും കൊണ്ടുവന്ന ഉള്ളില്‍ പച്ച നിറമുള്ള വാച്ചും കയ്യില്‍ കെട്ടി ഇറങ്ങും പിന്നെ ഊരു ചുറ്റാന്‍. ഏപ്രില്‍ മാസം കശുവണ്ടി ഉതിര്‍ന്നു താഴെ വീഴുന്നതുപോലെ ഓരോ ദിവസങ്ങളായ് കൊഴിഞ്ഞില്ലാതാകും. അപ്പൊഴും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു പ്രതീക്ഷ വിഷു ആണ്‌. എന്റെ എല്ലാമെല്ലാമായ വിഷു. എണ്ടെ നാടിന്റെ എല്ലാമെല്ലാമായ വിഷു. ഏപ്രില്‍ മുഴുവനും നമുക്കു വിഷു തന്നെയാണ്‌. ഏപ്രില്‍ മാസത്തിനു കശുവണ്ടിയുടെയും പടക്കത്തിന്റെയും മണമായാണു എനിക്കു തോന്നാറ്. ആരൊ റിമോര്‍ട്ടില്‍ ഫാസ്റ്റ് ഫോര്‍വേര്‍ഡ് ചെയ്യുന്നതു പോലെ വിഷു ദിവസവും എത്തും. സാധാരണ എല്ലാവര്‍ക്കും വിഷു ഒരു ദിവസം മാത്രമാണു കയ് നീട്ടം വാങ്ങുവാനുള്ള ഭാഗ്യം കിട്ടാറ്. ദൈവം സഹായിച്ച് എനിക്കു അഞ്ചു ദിവസം നീളുന്ന ഉല്‍സവമാണ് നമ്മുടെ അമ്പലത്തില്‍. വീട്ടില്‍ വരുന്ന ഓരോ വിരുന്നു കാരെയും നമ്മുടെ ഹാജര്‍ നില കാണിക്കാന്‍ ഞാനും എന്റെ അനിയത്തിയും മല്‍സരിക്കാറുണ്ട്. കൈനീട്ടം തട്ടി എടുക്കുക എന്ന സദുദ്ദേശമാണു അതിനു പിന്നില്‍. എത്ര കലക്ഷന്‍ കിട്ടിയാലും എന്റെ അനിയത്തിയുടെ അത്ര എനിക്കു കിട്ടാറില്ല.ഞാന്‍ മൂത്ത ചേട്ടന്‍ ആയതു കൊണ്ടാകും. അങ്ങനെ ആ അഞ്ചു ദിവസവും വെടിമരുന്നു കത്തിതീരുന്നതുപോലെ തീര്‍ന്നു പോകും.

           പിന്നെ വരുന്നതു മെയ് മാസം.സൂര്യന്‍ ദാഹജലം കുടിക്കാന്‍ പോലും എവിടെയും പോകാത്ത സമയം.മാവുകളില്‍ മാങ്ങയൊക്കെ പഴുത്തു നില്‍ക്കുന്ന സമയം. ഒരു കാറ്റു വന്നിടുവാന്‍ പ്രാര്‍ത്ഥിക്കുന്ന സമയം. കിണറുകളില്‍ വെള്ളം മാറ്റാനാകുന്ന സമയം. കിണര്‍ വെള്ളം മാറ്റുമ്പോള്‍ എപ്പൊഴോ അതില്‍ പിടിച്ചിട്ട പരല്‍മീനുകളെ വെറൊരു പാത്രതിലേക്കു കുടിയേറിപാര്‍പ്പിക്കുന്ന സമയം. കിണറുകളില്‍ ഉള്ള ചെറു തവളക‍ള്‍ക്ക്‌ ആകാശം കാണാന്‍ കഴിയുന്ന സമയം. കിണറില്‍ നിന്നു കിട്ടുന്ന കോട്ടി(ഗോലി)യുമെടുത്ത് കൂട്ടുകാരോടൊത്ത് കോട്ടി കളിക്കുന്ന സമയം. ഇന്നത്തെ എണ്ടെ ഈ കൊച്ചനുജന്മാര്‍ കമ്പ്യുറ്റരില്‍ ഗെയിംസ് കളിച്ചു തീര്‍ക്കുന്ന ഈ സമയം...

           അന്നും വൈകുന്നേരങ്ങള്‍ക്ക്‌ ആവേശം പകരുവാനായ് ഹൈ സ്കൂള്‍ ഗ്രൗണ്ടില്‍ സെവന്‍സ് ഫുട്ബാള്‍ അരങ്ങേറുമായിരുന്നു. മലബാറുകാരുടെ ആവേശമായ ഈ സെവെന്‍സ് ഫുട്ബാള്‍ ഹരം എന്റെ സിരകളിലും ആരോ ചെറുപ്പത്തിലേ കുത്തി വച്ചു. ചിലപ്പോള്‍ എന്റെ അച്ചാച്ചനാകാം...അച്ചാച്ചന്റെ കയ്യും പിടിച്ച് മലായ് വാച്ചും കെട്ടി ഞാന്‍ കളി കാണാന്‍ പോകുമായിരുന്നു. അച്ചാച്ചന്‍ വാങ്ങി തരുന്ന കപ്പലണ്ടികള്‍ തിന്നു തീര്‍ക്കുന്നതിനിടയില്‍ കളി കാണാന്‍ വന്ന കാര്യം പലപ്പോഴും ഞാന്‍ മറക്കും.എങ്കിലും ഗ്രൗണ്ടില്‍ എണ്ടെ മാമന്‍ അടിക്കുന്ന ഓരോ ഗോളുകളും ഇന്നും എന്റെ കണ്ണുകളില്‍ മായതെ നില്‍ക്കുന്നു. ഒടുവില്‍ കളിയും കഴിഞ്ഞു വീട്ടില്‍ എത്തുമ്പോള്‍ അനിയത്തിക്കു കൊടുക്കുവാനായ് അച്ചാച്ചന്‍ വാങ്ങി തന്ന കപ്പലണ്ടി ഏതു കീശയില്‍ മാറ്റി വച്ചിരുന്നാലും അവലുടെ മുന്നില്‍ എത്തുമ്പോള്‍ നാമ മാത്രമായ് തീരും. എന്നെ നന്നായറിയാവുന്ന അച്ചാച്ചന്‍ അവള്‍ക്കുള്ളത്‌ വേറെ കരുതി വച്ചിട്ടുണ്ടാകും എന്ന വിശ്വാസമാണ്‌ സത്യത്തില്‍ എന്നെ അങ്ങനെ ആക്കി തീര്‍ക്കുന്നത്‌. അല്ലാതെ ഞാന്‍ കള്ളനായിട്ടൊന്നുമല്ല

            അങ്ങനെ വീണ്ടും ജൂണ്‍ മാസം ആരംഭിക്കുനതിനു മുന്നോടിയായ് എന്റെ അയല്‍ വക്കത്തുള്ള ചേട്ടന്‍ മാരുടെയും ചേച്ചിമാരുടെയും പഴയ ടെസ്റ്റ് ബുക്കുകള്‍ ഞാന്‍ കലക്റ്റ്‌ ചെയ്തു വചിട്ടുണ്ടാകും. അന്നൊക്കെ സ്കൂളില്‍ പഠിപ്പിക്കുന്നതിനു മുമ്പെ പാഠങ്ങള്‍ സ്വയം പഠിച്ചു തീര്‍ക്കുക എന്നതു എനിക്കൊരു ആവേശമായിരുന്നു. പില്‍ക്കാലത്തു കോളേജ് കാലഘട്ടത്തില്‍ ക്ലാസ്സുകളില്‍ പഠിപ്പിക്കുന്നതു പഠിച്ച് തീര്‍ക്കാന്‍ പരീക്ഷയുടെ തലേ ദിവസം വരെ കാത്തുനില്‍ക്കെണ്ടി വന്നു എന്നതു വെറൊരു സത്യം. കാലം വരുത്തി വയ്ക്കുന്ന ഒരു മാറ്റം മാത്രമാണത്‌. അല്ലാതെ അതും എന്റെ കുറ്റമല്ല.
ഇതിനൊക്കെ ഇടയിലായ് ഒരു മഴ എങ്കിലും തടയാതിരിക്കില്ല. മഴ വരുന്നതിനു മുന്‍പായ് ഒരു നല്ല കാറ്റ് വീശാറുണ്ട്. ആ കാറ്റ് വന്നതിനപ്പുറം മഴ വരുന്നതിനു മുന്‍പായ് താഴെ വീണു കിടക്കുന്ന മാങ്ങകള്‍ പൊറുക്കി എടുക്കുന്നതിനായ് ഒരു ചെറിയ ഇടവേള കിട്ടാറുണ്ട്‌....ആരോ തരാറുണ്ട്....

            പിന്നെ മഴ പെയ്തു തീരുന്നതിനായ് ഞാനും എന്റെ കൂട്ടുകാരും അനുവദിച്ചുകൊടുക്കുന്ന സമയം. തറവാട്ടിലെ ഓടുകളില്‍ നിന്നും ഒലിച്ചിറങ്ങുന്ന വെള്ളം താഴെ മുറ്റത്ത് കെട്ടിനില്‍ക്കുന്നതില്‍ മേയ്ഡ് ഇന്‍ മലയാള മനോരമ ആഴ്ചപതിപ്പിന്റെ കടലാസു തോണികള്‍ ഇറക്കുന്ന തിരക്കാണ് പിന്നീട്. പിന്നെ മഴ പെയ്തു തോര്‍ന്നതിനപ്പുറം വീണ്ടും മാങ്ങകള്‍ പെറുക്കി എടുക്കുവാനുള്ള മല്‍സര ഓട്ടമാണ് . മാങ്ങകള്‍ തിന്നു തീര്‍ക്കുന്നതില്‍ ഈ മല്‍സരം കാണിക്കാറില്ല.

        സത്യത്തില്‍ ഈ മഴ പെയ്തു കഴിഞ്ഞാലുണ്ടാകുന്ന മണ്ണിന്റെ ആ മണത്തിനാണ് എതു റോയല്‍ മിറാഷിനെക്കാളും സുഗന്ധം. ആ സുഗന്ധം ആര്‍ക്കെങ്കിലും ഒരു സ്പ്രേയ് ബോട്ടിലില്‍ ആക്കി തരാന്‍ കഴിയുമോ എന്തോ?? അന്നും ഇന്നും എനിക്കേറ്റവും പ്രിയപ്പെട്ട ഒരു അനുഭവം ആ മഴ പെയ്തു തോര്‍ന്നാലുണ്ടാകുന്ന മണ്ണിന്റെ മണമുള്ള ആ കുളിര്‍മ്മയുള്ള നിമിഷം തന്നെയാണ്. കാലമെത്ര കഴിഞ്ഞാലും ആ മണമടിച്ചു കഴിഞ്ഞാല്‍ എല്ലാ ഓര്‍മ്മകളും കണ്ണിന്റെ മുന്നില്‍ വന്നു എന്റെ ഈ നയനങ്ങളിലും ഒരു കുഞ്ഞു തോണി ഇറക്കുവാനുള്ള ഈറന്‍ അണിയിക്കാറുണ്ട്. എന്റേതു മാത്രമായ ഈ മദ്ധ്യവേനല്‍ അവധികളുടെ ഒര്‍മ്മകളൊന്നും മരിക്കാതിരിക്കാന്‍ ഞാന്‍ ഇന്നും ദൈവത്തോട് പ്രാര്‍ത്ഥിക്കാറുണ്ട്....ഇല്ല ഓര്‍മ്മകള്‍ മരിക്കില്ല....

                     ********************************************************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ