2011, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

കാണാന്‍ കൊതിച്ച നിമിഷം


" എന്താ രാഹുല്‍ ...നീ എവിടെയാണ് ശ്രദ്ധിക്കുന്നത് ....?" നളിനി ടീച്ചറുടെ ഓര്‍ക്കാപുറത്തുള്ള ചോദ്യം കേട്ട് രാഹുല്‍ ഒന്ന് ഞെട്ടി . പതുക്കെ മനസ്സിനെ ഒന്ന് റീഫ്രെഷ് ചെയ്തു രാഹുല്‍ പുസ്തകത്തിലോട്ടു നോക്കി. എങ്കിലും അവന്റെ പുസ്തകത്തില്‍ അവനു കാണാനായത് ഒരു കുഞ്ഞു വാവയെ ആണ്.

രാഹുലിന്റെ അമ്മ ആശുപത്രിയില്‍ ഒരു കുഞ്ഞു മോള്‍ക്ക്‌ ജന്മം നല്‍കിയിരിക്കയാണ് . രാഹുലിനെയും കൂട്ടി ആശുപത്രിയില്‍ കുഞ്ഞിനെ കാണിക്കാന്‍ കൊണ്ട് പോകാന്‍ അവന്റെ അച്ഛന്‍ വരും . വൈകുന്നേരം വരെയുള്ള ക്ലാസ്സില്‍ നിന്നും ടീച്ചറോട് പറഞ്ഞു ഉച്ചയ്ക്ക് പോകാനുള്ള അനുവാദം വാങ്ങിയിരിക്കയാണ്‌ രാഹുല്‍ . അവന്റെ  മനസ്സ് മുഴുവന്‍ തന്റെ കുഞ്ഞു പെങ്ങളെ കാണുവാനുള്ള വെമ്പല്‍ ആയിരുന്നു.

അമ്മ ഒരു കുഞ്ഞിനു ജന്മം കൊടുക്കാന്‍ പോകുന്നു എന്നറിഞ്ഞപ്പോ തൊട്ടു ഒരു അനിയത്തി കുട്ടി ആകണേ എന്നായിരുന്നു ആ മൂന്നാം ക്ലാസ്സ് കാരന്റെ പ്രാര്‍ത്ഥന .തന്റെ അനിയത്തിക്ക് ഇടാന്‍ രാഖി എന്ന പേര് വരെ ക്ലാസ് റൂമില്‍ വച്ചവന്‍ കണ്ടു പിടിച്ചു കഴിഞ്ഞു .ക്ലാസ് റൂമിലെ ഘടികാരത്തിന്റെ സൂചി നിശ്ചലമാണോ എന്ന് വരെ രാഹുലിന്ന് തോന്നി . ആകെ ഉള്ള ഒരു ആശ്വാസം അന്ന് വെള്ളി ആഴ്ച ആയതിനാല്‍ 12 മണിക്ക് ഉച്ചയൂണിനുള്ള ഇടവേള കിട്ടുമെന്നതാണ്.

രാഹുലിന്റെ അച്ഛന്‍ ആശുപത്രിയില്‍ വന്നവര്‍ക്കൊക്കെ ലഡുവും കൊടുത്ത് തന്റെ അനിയനെ ആശുപത്രിയിലാക്കി രാഹുലിനെ കൂട്ടുന്നതിനായ് സ്കൂളിലോട്ടെക്ക് പുറപ്പെട്ടിട്ടുണ്ടായിരുന്നു അപ്പോഴേക്കും . തന്റെ മകന്റെ സഹപാഠികള്‍ക്കും ടീച്ചര്‍ക്കും ഉള്ള ലഡ്ഡു പൊതി കയ്യില്‍ കരുതാന്‍ അയാള്‍ മറന്നില്ല
.
12 മണിയുടെ ലോങ്ങ്‌ ബെല്‍ കേട്ടതും പുസ്തകങ്ങളും കെട്ടി പൊറുക്കി രാഹുല്‍ പുറത്തേക്കു ഓടി . ഗ്രാമത്തിലെ തന്റെ ആ സ്കൂള്‍ ഉള്ളിടത്തെക്ക് ടൗണില്‍ നിന്നും 12 മണി ആകുമ്പോള്‍ ദുര്‍ഗ്ഗാംബിക ബസ്സ് ഉണ്ട് . അതില്‍ തന്നെ തന്റെ അച്ഛന്‍ ഉണ്ടാകുമെന്ന് രാഹുലിന്ന് ഉറപ്പായിരുന്നു . തിരിച്ചു അതേ ബസ്സിനു വേണം അവര്‍ക്ക് ടൌണിലുള്ള ആശുപത്രിയിലോട്ടു പോകാന്‍.

ബസ്സ് കൃത്യ സമയത്ത് തന്നെ എത്തി. പിറകിലെ വാതിലിലൂടെ ആദ്യം ഇറങ്ങിയത്‌ രാഹുലിന്റെ അച്ഛന്‍ ആയിരുന്നു.അച്ഛനെ കണ്ടതും രാഹുല്‍ ഓടി ചെന്ന് അച്ഛന്റെ കൈക്ക് കയറി പിടിച്ചു. " അച്ഛാ അച്ഛാ ...വാവ ആരെ പോലെയാണ് ? എന്നെ പോലെ ആണോ? വാവ കണ്ണ് തുറന്നോ അച്ഛാ ? ". അവന്റെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം കൊടുക്കുവാനുള്ള സമയം പോലും അവനായ്‌ തന്നെ ആ അച്ഛന് നല്‍കിയില്ല
.
"മോനെ ഞാനീ ലഡ്ഡു നിന്റെ ക്ലാസ് ടീച്ചറെ ഏല്‍പ്പിച്ചു വരാം . നീ ഇവിടെ നില്‍ക്ക് ...ബസ്സ്‌ ഇപ്പൊ തിരിച്ചു വരും " അയാള്‍ പറഞ്ഞു. തന്റെ അച്ഛന്‍ ടീച്ചറെ കാണാന്‍ പോയാല്‍ അവരോരോന്നു പറഞ്ഞു അച്ഛനെ വൈകിപ്പിക്കും. പിന്നെ ബസ്സ് കിട്ടില്ല എന്ന് രാഹുലിന്ന് തോന്നി . "അച്ഛാ ..അച്ഛന്‍ പോകണ്ടാ ഞാന്‍ പോയ്‌ ടീച്ചറെ ഏല്‍പ്പിച്ചു വരാം " എന്നും പറഞ്ഞു കയ്യിലുള്ള ബാഗും അച്ഛനെ ഏല്‍പ്പിച്ചു അച്ഛന്റെ കയ്യിലുള്ള ലഡ്ഡു പൊതി കൈക്കലാക്കി .അയാള്‍ മറുത്തൊരു വാക്ക് പറയുന്നതിന് മുന്നേ രാഹുല്‍ റോഡും മുറിച്ചു കടന്നു പോയിരുന്നു.

"ടീച്ചറെ... എനിക്ക് അനിയത്തി ഉണ്ടായ വക അച്ഛന്‍ നിങ്ങള്‍ക്കെല്ലാര്‍ക്കും തരാന്‍ വാങ്ങി തന്നതാ ഈ ലഡ്ഡു . എനിക്കും അച്ഛനും ഈ ബസ്സിനു തന്നെ പോകണം " അത് പറഞ്ഞതും ബസ്സിന്റെ ഹോണടി ശബ്ദം കേട്ട രാഹുല്‍ പിന്നെ ടീച്ചര്‍ എന്താ പറഞ്ഞതെന്ന് പോലും കേള്‍ക്കാതെ അവിടുന്ന് ചാടി.

രാഹുലിന്റെ അച്ഛന്‍ ബസ്സ്‌ വരുന്നതും കണ്ടു അവനെ മാടി വിളിക്കുകയാരുന്നു .രാഹുല്‍ ഒന്നും വക വയ്ക്കാതെ ബസ്സ്‌ ലക്ഷ്യമാക്കി ഓടി . ഒരിക്കല്‍ പോലും പിറകോട്ടടിക്കാന്‍ പറ്റാത്ത ഒരു ദുഷിച്ച സമയം ആയിരുന്നു അത്. എതിരെ വന്ന ജീപ്പ് അവന്‍ കണ്ടില്ലാരുന്നു. രാഹുലിനെയും തട്ടി എടുത്തു ബസ്സിന്റെ ഫ്രന്റില്‍ ഇട്ടു ആ ജീപ്പ്. സ്കൂള്‍ വിട്ട സമയം . ആള്‍ക്കാര്‍ ഓടി കൂടി. രാഹുലിന്റെ അച്ഛന്‍ മോനേ എന്നും വിളിച്ചു ഓടി. അയാള്‍ക്ക്‌ താന്‍ ഇതു ലോകത്താണ് എന്താണ് സംഭാവിക്കനതെന്നും ഒരു പിടിയും ഇല്ലതായ് . ആരൊക്കെയോ ചേര്‍ന്ന് രാഹുലിനെ എടുത്തു . രാഹുലിന്റെ ചുവപ്പും വെള്ളയും ഉള്ള യൂണിഫോം ഒറ്റ നിറത്തിലായ് . ചുവപ്പ് നിറത്തില്‍ .അപ്പോഴും രാഹുലിന്റെ ബോധം പോയിട്ടില്ലായിരുന്നു.

അവിടെ കൂടിയവര്‍ രാഹുലിനെയും അവന്റെ അച്ഛനെയും പിടിച്ചു രാഹുലിനെ ഇടിച്ചിട്ട അതെ ജീപ്പില്‍ കയറ്റി. ജീപ്പ് കാരന്റെ ഭാഗത്ത്‌ തെറ്റൊന്നുമുണ്ടായിരുന്നില്ല. എല്ലാം രാഹുലിന്റെ തെറ്റായിരുന്നു. എന്നാലും ഇനി പറഞ്ഞിട്ടെന്ത്. തന്റെ വാവ കിടക്കുന്ന ആശുപത്രിയിലെക്കായിരുന്നു രാഹുലിനെയും കൂട്ടി അവര്‍ പോയത്. രാഹുലിന് ഓപ്പറേഷന്‍ വേണം . സംഗതി സീരിയസ്സ് ആണ് . പാതി ബോധത്തിലും അവന്‍ "വാവേ ....വാവേ " എന്നുരുവിടുന്നുണ്ടായിരുന്നു.
രാഹുലിന്റെ അമ്മ ഇതൊന്നും അറിയാതെ മോളെയും നോക്കി കിടപ്പായിരുന്നു. രാഹുല്‍ ഇപ്പോള്‍ വന്നാല്‍ അവനെന്തായിരിക്കും സന്തോഷം ..അതൊക്കെ ഓര്‍ത്തു അവളുടെ ഉള്ളിലെ മാതൃത്വം അഹങ്കരിച്ചു.

പാതി ബോധത്തിലും വാവയെ കാണണം വാവയെ കാണണം എന്നാ ശാഠ്യത്തിനു മുന്നില്‍ രാഹുലിന്റെ അമ്മൂമ്മക്ക്‌ രാഹുലിന്റെ രാഖിയെ അവളുടെ അമ്മയുടെ കയ്യില്‍ നിന്നും ഡോക്ടറെ കാണിക്കേണം എന്ന കള്ളം പറഞ്ഞു എടുക്കെണ്ടാതായ് വന്നു. ഓപറേഷന്‍ തീയേറ്ററില്‍ പോകുന്നതിനു മുന്പ് രാഹുലിന് അവന്റെ അനിയത്തി കുട്ടിയെ കാണിച്ചു കൊടുത്തു. ആ പാതി ബോധത്തില്‍ അവന്‍ അവളെ കൊതിയാം വണ്ണം കണ്ടോ എന്നറിയില്ല ..എങ്കിലും "രാഖി വാവേ ...രാഖി വാവേ" എന്നവന്‍ പിറുപിറുക്കുന്നുണ്ടായിരുന്നു . അവനെ ഓപറേഷന്‍ തീയെറ്റെരില്‍ പ്രവേശിപ്പിച്ചു.

സകല ദൈവങ്ങളുടെയും മുഖങ്ങള്‍ മനസ്സില്‍ വരിവരിയായ് നിര്‍ത്തിയിരിക്കുന്ന രാഹുലിന്റെ അച്ഛനോട് ഡോക്ടര്‍ പറഞ്ഞു. " ക്ഷമിക്കണം ....ഞങ്ങള്‍ ഞങ്ങളുടെ കഴിവിന്റെ പരമാവധി നോക്കി ...രക്ഷിക്കാനായില്ല.". അത് പറഞ്ഞു തീര്‍ന്നതും ആശുപത്രിയാകെ ഒരു കൂട്ട നിലവിളി ആയിരുന്നു. എന്റെ മോനേ എന്നും പറഞ്ഞു രാഹുലിന്റെ അച്ഛന്‍ ഒരു ഭ്രാന്തനെ പോലെ അലറി. പുറത്തെ അലര്‍ച്ച രാഹുലിന്റെ അമ്മയും കേട്ടു.. ആരോ ചെന്ന് രാഹുലിന്റെ അമ്മയോടും കാര്യം അവതരിപ്പിച്ചു. പറഞ്ഞു തീര്‍ന്നതും അവരുടെ ബോധം പോയ്‌.
.
ഒരു വണ്ടിയില്‍ തനിക്കു ദൈവം തന്ന പുതിയ മോളെയും താനിരിക്കുന്ന ആംബുലന്‍സില്‍ തന്നില്‍ നിന്നും ദൈവം തട്ടിയെടുത്ത സ്വന്തം മോനെയും പേറി അയാളുടെ വീട്ടിലോട്ടു പോകുമ്പോള്‍ രാമചന്ദ്രന്‍ കണിയാരുടെ വാക്കുകള്‍ ആ അച്ചന്റെ ഓര്‍മ്മയില്‍ വീണ്ടും ആരോ കൊണ്ടിട്ടു. " തന്റെയും തന്റെ പത്നിയുടെയും ജാതകത്തില്‍ ഒറ്റ സന്താന യോഗമാണ് "

                      *****************************************************************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ