2011, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

മാറ്റി വരയ്ക്കപെടുന്ന ചിത്രങ്ങള്‍


     അലാറത്തിന്റെ കൊല വിളി പോലുള്ള ശബ്ദം കേട്ട് അവന്റെ ഉറക്കത്തിനു ചെറിയൊരു ഭംഗം വന്നു. സ്വപ്നം കാണുന്നതാണോ അതോ യാധാര്‍ത്യമാണോ എന്ന് ചിന്തിചെടുക്കുന്നതോടപ്പം ടൈം പീസില്‍ കണ്ണ് പതിച്ചു. സമയം 7 മണി .പെട്ടെന്നാണ് ഒരു മിന്നായം പോലെ പലതും അവന്റെ മനസ്സില്‍ ഓട്ട പ്രദക്ഷിണം നടത്തിയേ. സ്നൂസ് ബട്ടണും ഓഫ് ചെയ്തു ചാടി എഴുന്നേറ്റു സുമേഷ്. രാവിലത്തെ പ്രാഥമിക കാര്യങ്ങള്‍ ഞൊടിയിടയില്‍ ചെയ്തു തീര്‍ത്തു റൂമില്‍ വന്നു ഘടികാരത്തില്‍ നോക്കിയപ്പോള്‍ സമയം 7 .20 .

        പട്ടണത്തിലുള്ള പ്രൈവറ്റ് കോളേജില്‍ ആണ് സുമേഷ് പഠിക്കുന്നത്.സുമേഷിന്റെ അനിയന്‍ സുജിത് ഗ്രാമത്തില്‍ തന്നെ ഉള്ള ഹൈ സ്കൂളില്‍ പത്താം തരത്തിലും .പഠനത്തില്‍ സുമേഷിനെക്കാള്‍ ഒരു പിടി മുന്നില്‍ തന്നെ ആയിരുന്നു സുജിത്. അതില്‍ സുമേഷിനു അഭിമാനമേ ഉണ്ടായിരുന്നുള്ളൂ താനും
.
          ഉറക്കച്ചുവയോടെ വീടിന്റെ കോലായിലേക്ക് നടന്നു നീങ്ങിയ സുമേഷിനു അവന്റെ അച്ഛന്‍ വായിച്ചു എച്ചിലാക്കിയ മാതൃഭുമി പത്രം കിട്ടി. തലേന്ന് താന്‍ ഉറക്കമിഴച്ചു കണ്ട ഇന്ത്യ പാക് ക്രികറ്റ് മത്സരം പത്ര ലേഖകന്‍ എങ്ങനെ വര്‍ണ്ണിച്ചു എന്ന് കാണുവാനുള്ള തിടുക്കത്തില്‍ സ്പോര്‍ട്സ് പേജ് തന്നെ തപ്പിയെടുത്തു .ഒറ്റയിരുപ്പില്‍ അത് വായിച്ചു തീര്‍ത്തു പിന്നീടു ഓരോ താളുകളായ് കണ്ണോടിച്ചു ഒടുവില്‍ ആദ്യ പേജിലും എത്തി. ഉള്ളില്‍ സ്വന്തമായ രാഷ്ട്രീയ ബോധങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പത്രങ്ങളില്‍ വരുന്ന രാഷ്ട്രീയ വാര്ത്തകലേ സുമേഷ് എന്നും അവജ്ഞയോടെ ആണ് നോക്കി കണ്ടത്. പത്രത്തോടൊപ്പം അച്ഛന്‍ നോക്കി വച്ച കേരളാ ഭാഗ്യക്കുറി തന്റേതായ ഒരു പുന:പരിശോധന കൂടി നടത്തി പതിവുപോല്‍ അവന്‍ കുളിക്കാനായ്‌ കുളിമുറിയിലേക്ക് കടന്നു.പോകുന്ന വഴിയില്‍ തന്നെ അമ്മയോട് ചായയും കടിയും വിളമ്പി വയ്ക്കാന്‍ പറയാന്‍ അവന്‍ മറന്നില്ല.

        അങ്ങനെ പ്രഭാത ഭക്ഷണവും കഴിഞ്ഞു ബെഡ് റൂമിലെ നീളം കൂടിയ ഷെല്‍ഫില്‍ പോയ്‌ മുടി ഒന്ന് കൂടെ മിനുക്കി തിരിഞ്ഞും മറിഞ്ഞും ഒരു നോട്ടവും നോക്കി മേശ പുറത്തു വച്ച ബുക്സും എടുത്ത് "അമ്മേ ഞാന്‍ വരുവാ " എന്ന് പറഞ്ഞുകൊണ്ട് വാച്ചിലേക്ക് സമയം നോക്കിയപ്പോള്‍ 7 .55 . എന്നത്തെയും പോലെ അവന്‍ അന്നും ലേറ്റ് തന്നെ. നാളെ എന്തായാലും നേരത്തെ എഴുന്നേറ്റിട്ട് തന്നെ എന്ന് മനസ്സില്‍ സ്വയം വെല്ലുവിളിയും നടത്തി ബസ് സ്ടോപ്പിലെക്ക് അവന്‍ വേഗത്തില്‍ നടന്നു.

           പോകുന്ന വഴിയിലും അവളുടെ ചിത്രമായിരുന്നു അവന്റെ മനസ്സില്‍ ..പ്രിയയെ കുറിച്ച്..പ്രിയയുടെ ബസ് 8 .10 നു പോയ്‌ കഴിഞ്ഞിട്ടും 10 മിനുട്ട് കഴിഞ്ഞാലെ സുമേഷിന്റെ ബസ് വരൂ. എന്നിരുന്നാലും പ്രിയയുടെ ബസ്സിന്റെ ടൈമിങ്ങിനു അനുസരിച്ചായിരുന്നു അവന്റെ തയ്യാറെടുപ്പുകള്‍. രാവിലെ അലാറം അടിച്ചപ്പോള്‍ ചാടി എഴുന്നേറ്റത് തന്നെ പ്രിയയുടെ മുഖം മനസ്സില്‍ തെളിഞ്ഞപ്പോഴാണ്‌.

         ബസ് സ്ടോപ്പിലെക്കുള്ള സുമേഷിന്റെ പാതി വഴിക്ക് പ്രിയുടെ വീടിന്റെ ഭാഗത്ത്‌ നിന്ന് വരുന്ന റോഡില്‍ ഇരുവരും പതിവുപോലെ സംഗമിച്ചു. എന്നത്തേയും പോലെ അവളുടെ ചിരിക്കാത്ത വെറുക്കാത്ത ഒരു നോട്ടം സുമേഷിനു കിട്ടി. അവന്‍ ഒന്നുമറിയാത്ത പോലെ കയ്യിലുള്ള ബുക്കിനെക്കള്‍ കനം അവന്റെ തലയ്ക്കു വരുത്തി താന്‍ ഒന്നും കണ്ടില്ല എന്നാ മട്ടില്‍ അവളുടെ നടത്തത്തിന്റെ വേഗതയില്‍ നിന്നും ഇത്തിരി വേഗത കുറച്ചു അവളുടെ സ്വല്പം പിറകെ നടന്നു. സാധാരണ റോഡിന്റെ വലതു വശം ചേര്‍ന്നാണ് പ്രിയ നടക്കാറ്.സുമേഷ് ഇടതു വശത്ത് ചേര്‍ന്നും. പ്രിയ അവളുടെ കൂട്ടുകാരി സുമയ്യയുടെ കൂടെയാണ് എന്നും പോകാറ്. പ്രിയയുടെ ഇടതു ഭാഗത്തുള്ള സുമയ്യയോട് കുശലം പരയ്മ്പോഴും മുകളിലുള്ള പടച്ചോന്‍ പോലും കാണുന്നില്ല എന്നാ മട്ടില്‍ സുമേഷിനെ അവള്‍ നോക്കാറുണ്ട്. അതുകാണുമ്പോള്‍ തനിയെ നടക്കുന്ന സുമേഷിന്റെ കാല്‍ വയ്പ്പുകള്‍ തെറ്റി പോകും. ഇടതു കാലാണോ വലതു കാലാണോ ആദ്യം മുന്നോട്ടു വയ്ക്കുക എന്നറിയാതെ അവന്‍ കുഴങ്ങി പോകും.

          പിന്നെ ബസ് സ്റ്റോപ്പില്‍ എത്തിയാല്‍ സുമേഷിന്റെ പ്രാര്‍ത്ഥന അവള്‍ പോകുന്ന മൂകാംബിക ബസ് ഇന്ന് ലേറ്റ് ആയിരിക്കണേ എന്നായിരിക്കും. ഈ കാര്യത്തില്‍ ഒരു ദിവസം പോലും സുമേഷിന്റെ പ്രാര്‍ത്ഥന ദൈവം ചെവികൊണ്ടില്ല എന്നത് വേറൊരു സത്യം.

          8 .10 നു കറക്റ്റ് ആയ് പ്രിയയുടെ ബസ് വന്നു. ബസ്സില്‍ കയറാന്‍ പോകുമ്പോള്‍ അവള്‍ നോക്കുന്ന ഒരു നോട്ടമാണ് സുമേഷിനെ വൈകുന്നേരം വരെ പിടിച്ചിരുത്തുന്നത് .തമ്മില്‍ ഒന്നും സംസാരിക്കാരില്ലെങ്കിലും സുമേഷിനു അവളെ ജീവനാണ്. അവള്‍ക്കു തിരിച്ചും അങ്ങനെ തന്നെയാണ് പറഞ്ഞില്ലെങ്കില്‍ പോലും.ചെറിയ കാലമല്ല ഇങ്ങനെ മിണ്ടാതെ കടന്നു പോയത്.നീണ്ട ഒന്നര വര്‍ഷ കാലം ഇങ്ങനെ പറയാതെ പറഞ്ഞു പ്രേമിച്ചു നടന്നു അവര്‍.

            സുമേഷിന്റെ ഡിഗ്രി ഫൈനല്‍ ഇയര്‍ പ്രിയയുടെ പ്രീ ഡിഗ്രി സെക്കന്റു ഇയര്‍ സമയം. അന്നൊരു വൈകുന്നേരം സുമേഷിന്റെ മൊബൈലില്‍ പ്രിയുടെ ലാന്റ് ലൈന്‍ ഫോണില്‍ നിന്ന് ഒരു മിസ്‌ കോള്‍. വൈകുന്നേരം കിട്ടിയ ആ മിസ്‌ കോള്‍ അവനെ ആകെ അസ്വസ്ഥനാക്കി . തിരിച്ചു വിളിച്ചാല്‍ പ്രിയയുടെ വീടില്‍ എന്തായിരിക്കും പ്രതികരണം എന്നോര്‍ത്തുള്ള ധൈര്യ കുറവ് കാരണം അങ്ങോട്ട്‌ വിളിച്ചതുമില്ല. ആ മിസ്‌ കോളും ഓര്‍ത്തു അവളെയും കിനാവ് കണ്ടു എങ്ങനെയോ പിറ്റേന്ന് നേരം വെളുപ്പിച്ചു അവന്‍.

        അവളോട്‌ ഇതിനെപറ്റി എന്തായാലും ചോദിക്കണമെന്ന് മനസ്സില്‍ ഉറപ്പിച്ചായിരുന്നു സുമേഷ് അന്ന് വീട് വിട്ടിറങ്ങിയത്‌. അവളെ കണ്ടപ്പോള്‍ അവന്റെ ചുണ്ടുകള്‍ വിറച്ചു.എങ്കിലും ഉള്ള ശക്തി സംഭരിച്ചു പ്രിയ എന്നവന്‍ വിളിച്ചു. സുമേഷിന്റെ സ്വരമായിരുന്നില്ല അപ്പോള്‍ പുറത്തു വന്നത്.അവള്‍ തിരിഞ്ഞു നോക്കി.അപ്പോള്‍ അവന്റെ ധൈര്യം ഒന്ന് കൂടെ ചോര്‍ന്നു. തൊട്ടടുത്തുള്ള സുമയ്യയൊന്നും സുമേഷിന്റെ ചിത്രത്തിലെ ഉണ്ടായിരുന്നില്ല. സുമേഷിന്റെ മുഖഭാവം കണ്ടത് കൊണ്ടാണോ എന്നറിയില്ല സുമയ്യ കുറച്ചു മുന്നോട്ടു നടന്നു നീങ്ങി ."എന്താ സുമേഷ് !!..എന്താ കാര്യം ? " പ്രിയ ചോദിച്ചു . " അത് ..അത് ..എന്റെ..മൊബൈല്‍ ....നീ ഇന്നലെ വിളിച്ചാരുന്നോ..?". പൂര്‍ണതയില്ലാത്ത വാക്യം എങ്ങനെയോ ഇടറിയ സ്വരത്തില്‍ അവന്‍ പറഞ്ഞു ഒപ്പിച്ചു . ഇത്തിരി നാണം കലര്‍ന്ന ചിരിയോടെ ഒരു മൂളലും മൂളി അവള്‍ സുമയ്യേ അവിടെ നില്‍ക്കു എന്നും പറഞ്ഞു ഓടി.

        സുമേഷിന്റെ മനസ്സില്‍ സന്തോഷമാണ് തോന്നിയത്. എങ്കിലും തന്റെ സ്വരം ഇടറിയത് അവള്‍ ശ്രദ്ധിച്ചു കാണുമോ എന്നവന്റെ മനസ്സിനോടവന്‍ വീണ്ടും വീണ്ടും ആരാഞ്ഞു. ലോകത്തില്‍ ഏതൊരു പെണ്ണിനോടും എന്ത് സംസാരിക്കുന്നതിലും സുമേഷിനു ജാളിയത ഒന്നും ഇല്ല. എങ്കിലും പ്രിയക്ക് മുന്നില്‍ എത്തുമ്പോള്‍ കൂട്ടിവച്ച എല്ലാ ഊര്‍ജ്ജവും ചോര്‍ന്നു പോകും.

          ഇന്നലെ കോള്‍ വന്ന സമയവും മൊബൈലിന്റെ റേഞ്ചും നോക്കി സുമേഷ് എങ്ങും പോകാതെ അവന്റെ വീട്ടു പറമ്പിലെ കോണിയില്‍ പോയിരുന്നു. ഇന്നലത്തെതില്‍ നിന്ന് 10 മിനുട്ട് മുന്‍പേ തന്നെ കോള്‍ വന്നു. ഇത്തവണ അത് മിസ്‌ കോള്‍ ആയിരുന്നില്ല. നാലഞ്ചു റിങ്ങുകള്‍ക്ക് ശേഷം സുമേഷ് ഫോണ്‍ എടുത്തു "ഹലോ ഹലോ .." അങ്ങേതലയ്ക്കല്‍ ആരും ഒന്നും മിണ്ടിയില്ല. ഫോണ്‍ ഡിസ് കണക്റ്റ് ആയ്..സുമേഷ് നിരശനായ്. 5 മിനുടുകള്‍ക്കു ശേഷം ഫോണ്‍ വീണ്ടും റിംഗ് ചെയ്തു..ഇത്തവണ 2 റിങ്ങുകള്‍ക്കുള്ളില്‍ തന്നെ സുമേഷ് ഫോണ്‍ എടുത്തു. "ഹലോ സുമേഷ് ഞാനാ പ്രിയ ...നേരത്തെ അമ്മ പെട്ടെന്ന് വന്നു അതാണ്‌ ഒന്നും മിണ്ടാതെ കട്ട്‌ ചെയ്തത് ട്ടോ ..സോറി " സുമേഷിനു അതിയായ സന്തോഷം ആയ്..അവനതു പുറത്തു കാണിച്ചില്ല ..ഇത്തവണ സുമേഷിന്റെ സ്വരം ഉറച്ചതായിരുന്നു.അല്പമെങ്കിലും ഇടറിയതും നാണിച്ചതും പ്രിയയുടെ സ്വരത്തിനായിരുന്നു.

         പിന്നെ പിന്നെ ഈ ഫോണ്‍ വിളി എന്നും തുടര്‍ന്നു. അപ്പോഴും ഇഷ്ടത്തെ കുറിച്ച് രണ്ടു പേരും ഒന്നും പറഞ്ഞിരുന്നില്ല. ഒടുവില്‍ പ്രിയയുടെ ഭാഗത്ത്‌ നിന്ന് തന്നെ അവളെ കല്യാണം കഴിക്കാമോ എന്നാ ഒരു ചോദ്യം വന്നു.കേള്‍ക്കാന്‍ ഒരു പാട് ആഗ്രഹിച്ച ഒരു ചോദ്യമായിരുന്നു സുമേഷ് അത്. എന്നാലും അതിനൊരു മറുപടി കൊടുക്കാന്‍ അവന്‍ ഭയന്നു. എന്‍ട്രന്‍സ്‌ കൊച്ചിങ്ങിനു പോകുന്ന പ്രിയ പഠിക്കാന്‍ മിടുക്കി ആയിരുന്നു . എന്ത് വന്നാലും അവളുടെ അച്ഛന്‍ അവളെ ഒരു ഡോക്ടറോ എഞ്ചിനീയറോ ആക്കും പോരാതെ നാട്ടിലെ തന്നെ വലിയ പണക്കാരനും പ്രമാണിയും ആയിരുന്നു പ്രിയയുടെ അച്ഛന്‍. സുമേഷ് ആണേല്‍ പഠിത്തത്തില്‍ വെറും ആവറേജ് ആയ ഒരു ബി കോം കാരന്‍ . അവന്റെ വീടും ചുറ്റുപാടും ആണേലും പ്രിയുടെ അച്ഛന്റെ മുന്നില്‍ ഒന്നുമല്ല.

          ഈ ഫോണ്‍ വിളിയുടെ കൂടെ തന്നെ അവന്റെ ഉള്ളിലെ അപകര്‍ഷതാ ബോധവും വളര്‍ന്നു . അത് കാരണം അവനവന്റെ സ്നേഹം അവളില്‍ നിന്ന് മറച്ചുവയ്ക്കാന്‍ തുടങ്ങി. അവന്‍ മറച്ചു വയ്ക്കുന്നതിനു പതിന്‍ മടങ്ങായ് പ്രിയയുടെ സ്നേഹം അവള്‍ പ്രകടമാക്കാനും തുടങ്ങി. ഒടുവില്‍ അവള്‍ക്കു സുമേഷിനെ കാണാതെ സംസാരിക്കാതെ വയ്യെന്നായ് കാര്യങ്ങള്‍. എങ്ങനെയോ ഈ കാര്യങ്ങളെല്ലാം നാട്ടിലും ചിലരൊക്കെ അറിഞ്ഞു. പ്രിയുടെ അച്ഛന്റെ ചെവിയിലും എങ്ങനെയോ ഇതെത്തി. അയാള്‍ പ്രിയയോടു അതിനെ പറ്റി ഒന്നും പറഞ്ഞില്ലെങ്കിലും അയാളുടെ മട്ടും ഭാവത്തില്‍ നിന്നും പ്രിയക്ക് ഊഹിച്ചെടുക്കാന്‍ സാധിച്ചു.
അന്ന് വൈകുന്നേരം അവള്‍ അവനെ വിളിച്ചു. പതിവിലും ഗൗരവത്തില്‍.
ആയിരുന്നു അവള്‍. ഞാന്‍ നിന്റെ കൂടെ ഇറങ്ങി വരട്ടെ സുമേഷ് എന്നവളവനോട് ചോദിച്ചു. എന്ത് മറുപടി പറയണം എന്നറിയാതെ സുമേഷ് വലഞ്ഞു. സുമേഷിനപ്പോഴും കല്യാണമൊക്കെ വിദൂര സ്വപ്നമായിരുന്നു. എങ്കിലും ലോകത്ത് അവന്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്ന പെണ്ണാണ്‌ കൂടെ വരട്ടേ എന്ന് ചോദിക്കുന്നത്. എങ്കിലും വ്യക്തമായ് ഒന്നും അവനു പറയാനായില്ല അവളോട്‌.

          അന്ന് ആ ഞായറാഴ്ച തൊഴാന്‍ പോയ സുമേഷിനെ അമ്പലത്തില്‍ വച്ച് പ്രിയയുടെ അമ്മ കണ്ടു . സുമേഷ് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചെങ്കിലും അവരുടെ മുന്നില്‍ തന്നെ പെട്ടുപോയ് . " പ്രിയക്ക് ഇന്ന് നല്ലൊരു ആലോചന വരണുണ്ട് .... എന്ജിനീയരാണ് ചെക്കന്‍ ... നീ പറഞ്ഞാല്‍ മാത്രമേ പ്രിയ അവളെ കാണാന്‍ പോലും കൂട്ടാക്കൂ എന്നെനിക്കറിയാം..നീ അവളോട്‌ ഒന്ന് പറയണം . ഇതൊരു അമ്മയുടെ അപേക്ഷയാണ് ..ഈ നടയുടെ മുന്നില്‍ വച്ചാണ് മോനേ ഞാന്‍ ഈ പറയണേ ..നീ അവളെ മറക്കണം. എന്റെ മോന് അവളെക്കാള്‍ നല്ല ഒരു പെണ്ണിനെ തന്നെ കിട്ടും..അവളുടെ അച്ഛന്റെ വാശി നിനക്കറിയുന്നതല്ലേ സുമേഷേ" ..അത്രയും പറഞ്ഞപോഴേക്കും ആ അമ്മ വിതുമ്പി പോയ്‌ ..ആ വിതുമ്പലിന് മുന്നില്‍ സുമേഷ് നിസ്സഹായനായ് .

          തിരിച്ചു വീട്ടിലേക്കു പോകുമ്പോള്‍ പാത വരമ്പുകളൊക്കെ അവന്റെ നിറ കണ്ണുകളില്‍ അവ്യക്തമായ്‌ സുമേഷിനു തോന്നി. അവന്‍ ഭൂമിയില്‍ ഏറ്റവും ഇഷ്ടപെടുന്ന സ്വന്തമാക്കാന്‍ മറ്റെതിനെക്കാളും ആഗ്രഹിക്കുന്ന ഒരാളെ മറക്കണം. മറന്നാല്‍ മാത്രം പോരാ അതില്‍ നിന്ന് പ്രിയയെ പിന്തിരിപ്പിക്കേണ്ട ഭാരിച്ച ദൗത്യവും തന്നില്‍ സമര്‍പ്പിതം.

              തന്നെ കാണാന്‍ ഒരുത്തന്‍ വരുന്നുണ്ടെന്ന വിവരം സുമേഷിനെ അറിയിക്കനായ് അവള്‍ ഫോണ്‍ ചെയ്തു. അവള്‍ കാര്യം പറഞ്ഞപ്പോള്‍ അവന്റെ ഉള്ളു വിങ്ങുകയായിരുന്നു. എങ്കിലും അവന്‍ ഉള്ള ശക്തി സംഭരിച്ചു പറഞ്ഞു. " ആഹാ ...!! എന്‍ജിനിയര്‍ ചെക്കന്‍ ആണോ ? ...നിനക്ക് നന്നായ് ചേരുമല്ലോ ..!!".." സുമേഷ് ഞാന്‍ തമാശ പറയണതല്ല ..കാര്യമായിട്ടാ .." അവള്‍ ഗൗരവത്തോടെ പറഞ്ഞു. "ഞാനും കാര്യമായിട്ടാ പറയണേ ..തനിക്കെന്താ വട്ടുണ്ടോ ?..എനിക്കെന്തു കല്യാണം ഇപ്പൊ.?..ഇതൊക്കെ ഒരു തമാശ അല്ലേ..? ഞാന്‍ ഇതൊക്കെ അത്രയേ കണ്ടുള്ളൂ പ്രിയാ " ഏതോ ഒരു ശക്തിയില്‍ സുമേഷ് ഇത്രയും പറഞ്ഞു ഒപ്പിച്ചു. " പ്രിയ ഇന്നെനിക്കു അല്പം തിരക്കുണ്ട്‌...ഫ്രണ്ട്സിന്റെ കൂടെ സിനിമയ്ക്ക് പോകണം ..വൈകുന്നേരം ഞാന്‍ ഉണ്ടാകില്ല " എന്നും കൂടി പറയാന്‍ സുമേഷ് മറന്നില്ല.

         ഈ വാക്കുകള്‍ പ്രിയുടെ ഹൃദയത്തില്‍ തുളച്ചു കയറുകയാരുന്നു. നില്‍ക്കുന്ന മണ്ണ് ഒലിച്ചു പോകണ ഒരു പ്രതീതി ആയിരുന്നു അവളില്‍. ഒന്നും അവള്‍ക്കു പറയാന്‍ പറ്റിയില്ല. സുമേഷ് ഒരിക്കല്‍ പോലും തന്നെ ഇഷ്ടമാനെന്നോ കല്യാണം കഴിക്കുമെന്നോ തന്നോട് പറഞ്ഞിട്ടില്ല. എങ്കില്‍ പോലും മനസ്സില്‍ താന്‍ അവനെ എന്നോ ഉറപ്പിച്ചു പോയതാ. ഒടുവില്‍ സുമേഷിന്റെ പിന്തിരിയലും അവളുടെ അമ്മയുടെ കണ്ണുനീരും അച്ഛന്റെ ആഭിജാത്യത്തിനും മുന്നില്‍ ആ എന്‍ജിനീയര്‍ പയ്യനെ കെട്ടാന്‍ അവള്‍ക്കു വഴങ്ങി കൊടുക്കേണ്ടി വന്നു.
കാലം കുറെ കഴിഞ്ഞു പോയ്‌ .അന്ന് ബീ കോം കംപ്ലീട്ടു ചെയ്തു ബോംബെയ്ക്ക് വണ്ടി കയറിയതാണ് സുമേഷ് . പ്രിയയുടെ വിവാഹ സമയം നാട്ടില്‍ നില്‍ക്കുവാനുള്ള ശക്തി പോലും അവനുണ്ടായിരുന്നില്ല.എന്നും നഷ്ടബോധങ്ങളുടെ സ്മരണയില്‍ അവന്‍ ജീവിച്ചു . അതിനിടയില്‍ അവന്റെ അനിയനെ പഠിപ്പിച്ചു ഒരു എന്‍ജിനീയര്‍ ആക്കാനും അവന്‍ മറന്നില്ല . ഒരു ദിവസം അവന്റെ അനിയന്‍ കൂടെ പഠിക്കണ ഒരു കുട്ടിയെ തനിക്കിഷ്ടമാനെന്ന കാര്യം സുമേഷിനോട് പറഞ്ഞു.

              സുമേഷ് പിന്നീട് മറുത്തൊന്നും ചിന്തിച്ചില്ല. അവന്റെ ജീവിതത്തില്‍ ഉണ്ടായ അനുഭവം സ്വന്തം അനുജന്റെ ജീവിതത്തിലും ഉണ്ടാകരുതെന്ന് അവന്‍ ആഗ്രഹിച്ചു. ഈ ഒരു വിധി എങ്കിലും തന്നാല്‍ മാറ്റി എഴുതണമെന്നു സുമേഷിനു തോന്നി. അവനാ കല്യാണത്തിന് വേണ്ടുന്ന എല്ലാ കാര്യങ്ങള്‍ക്കും മുന്നില്‍ നിന്നു . എതിര്‍പ്പുകള്‍ എല്ലാം കാറ്റില്‍ പറത്താന്‍ ഉള്ള ശക്തി ഇന്നെവിടുന്നോ സുമേഷിനു വീണു കിട്ടി. അതിന്റെ ഒരംശം അന്ന് കാണിച്ചിരുന്നെങ്കില്‍ ചിലപ്പോ പ്രിയ അവന്റെ കൂടെ കാണുമായിരുന്നു. സുജിത്തിന്റെ കല്യാണം ആര്‍ഭാടമായ്‌ തന്നെ നടത്താന്‍ അവന്‍ തീരുമാനിച്ചു. ചേട്ടന്‍ നില്‍ക്കുമ്പോള്‍ അനിയന്റെ കല്യാണം എന്നൊക്കെ നാട്ടുകാര്‍ പിറുപിറുത്തു. സുമേഷിന്റെ അച്ഛന്‍ പോലും അവനെ ഒരു പാട് നിര്‍ബന്ധിച്ചെങ്കിലും അന്നവനെല്ലാം പുഷ്പം പോലെ തട്ടി മാറ്റി.

               ആര് വര്‍ഷത്തിനിടയില്‍ പ്രിയയെ കുറിച്ച് അറിയാനോ കാണാനോ സുമേഷ് ഒരിക്കല്‍ പോലും ശ്രമിച്ചില്ല . അവളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. എപ്പോഴോ ഒരിക്കല്‍ നാട്ടില്‍ പോയപ്പോള്‍ സുമയ്യ പറഞ്ഞു അവള്‍ US ഇല്‍ സ്ഥിരതാമസം ആണെന്ന് അവന്‍ അറിഞ്ഞായിരുന്നു.

                  അങ്ങനെ സുജിത്തിന്റെ കല്യാണ ദിവസം വന്നു. കാര്യങ്ങളൊക്കെ നോക്കി നടത്താന്‍ സുമേഷ് തന്നെ ആയിരുന്നു മുന്നില്‍. കല്യാണ തിരക്കില്‍ അവിടെ കിടന്നു ഉച്ചത്തില്‍ കരയുന്ന ഒരു സുന്ദരി കുട്ടി സുമേഷിന്റെ കണ്ണില്‍ പതിച്ചു. തന്റെ അമ്മയെ കാണാന്‍ കരയുന്ന ആ കുട്ടിയേയും എടുത്തു സുമേഷ് അവളുടെ അമ്മ ഇരിക്കുന്നെന്നു പറഞ്ഞ റൂമിലേക്ക്‌ പോയ്‌. അവളെ കണ്ടതും സുമേഷ് ഒരു നിമിഷം നിശ്ചലനായ് . തന്റെ എല്ലാമെല്ലാമായിരുന്ന പ്രിയ . കാലം അവളില്‍ ഇപ്പോഴും ഒരു മാറ്റവും വരുത്തിയിട്ടില്ല.
             
                 മുഖത്ത് ഒരു ചിരി വരുത്തുവാന്‍ സുമേഷ് ശ്രദ്ധിച്ചു. " അനിലേട്ടാ ഇതാണ് ഞാന്‍ പറഞ്ഞിരുന്ന സുമേഷ് . സുമേഷ്.... ഇതാണ് എന്റെ ഹസ്ബന്റ് . കല്യാണ സമയത്ത് നീ ഇവിടെ ഉണ്ടായിരുന്നില്ലല്ലോ ? ഇതാണെന്റെ മോള്‍ ..നാട്ടില്‍ വന്നപ്പോഴാണ് സുജിത്തിന്റെ കല്യാണം ഉള്ളതരിഞ്ഞേ ...എല്ലാരേയും ഒന്ന് കൂടെ കാണാലോ എന്ന് തോന്നി ". അവളൊരു കൂസലുമില്ലാതെ അങ്ങനെ സംസാരിച്ചു. " ഹലോ അനില്‍..ഞാന്‍ അല്പം തിരക്കിലാണ് ..ഭക്ഷണം കഴിച്ചേ പോകാവൂ.....ഞാനിപ്പോ വരാം" എന്നും പറഞ്ഞു സുമേഷ് അവിടുന്ന് പിന്‍വാങ്ങി. പ്രിയയുടെ മുഖത്ത് യാതൊരു ഭാവഭേദങ്ങളും ഇല്ല . അവള്‍ തികച്ചും സന്തോഷവതിയാണ്.
.
                          കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്ന് തന്നെ സുമേഷ് തന്റെ പുതിയ ലോകമായ ബോംബെയിലേക്ക് വണ്ടി കയറി. യാത്രയ്ക്കിടയില്‍ പ്രിയുടെ സംസാരം വീണ്ടും വീണ്ടും അവന്റെ ചെവിയില്‍ ഓളങ്ങള്‍ തീര്‍ക്കുകയായിരുന്നു. തന്നോടുള്ള പ്രതികാരം തീര്‍ക്കുവാനാണോ യാതൊരു ഭാവഭെദവുമില്ലാതെയ് തികച്ചും സന്തോഷവതിയെ പോലെ തന്നോട് അവള്‍ സംസാരിച്ചത്.
സത്യത്തില്‍ താന്‍ എന്ത് തെറ്റാണ് ചെയ്തത് . വേറെ പലര്‍ക്കും വേണ്ടി തന്റെ ഇഷ്ടങ്ങള്‍ കൈ വെടിഞ്ഞതോ ..സ്നേഹിക്കാന്‍ അറിയില്ലാ എന്ന് സ്വയം വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചതോ ..ഒടുവില്‍ കൂട്ടി കിഴിച്ചപ്പോള്‍ തന്റെ ജീവിതം മാത്രം ശൂന്യം ..ആ ശൂന്യതയിലും തന്റെ മാത്രമായിരുന്ന പ്രിയയെ കുറിച്ച് ഒരായിരം നിറമുള്ള ഓര്‍മ്മകളുമായ് അവളെ അപ്പോഴും സ്വന്തമായ് കിട്ടില്ലെന്ന ഉറച്ച ബോധ്യത്തോടെ അവനിപ്പോഴും മരിച്ചു ജീവിക്കാന്‍ തയ്യാറാണ് ...ആ ഓര്‍മ്മകള്‍ അവനില്‍ നിന്നും തിരിച്ചു വാങ്ങാന്‍ സാക്ഷാല്‍ ദൈവത്തിനു പോലും കഴിയില്ലല്ലോ എന്നുള്ള ഒരാശ്വാസമായിരുന്നു അവനു .
                  വണ്ടി ബോംബയിലെത്തി ..വീണ്ടും അവന്‍ യാന്ത്രികമായ ജീവിതത്തിലേക്ക് കടന്നു...എന്നത്തേയും പോലെയുള്ള ആരോ മാറ്റി വരയ്ക്കണ ജീവിതത്തിലേക്ക് താനായ് അടിമപെട്ട് പോകുന്നത് പോലുള്ള ജീവിതം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ