2011, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

അനിർവ്വചനീയമാം ഗന്ധങ്ങൾ !!

തൊട്ടു കാണിക്കുവാന്‍ അറിഞ്ഞീടുന്നില്ല
വരച്ചു കാണിച്ചീടുവാനും അതാകുന്നില്ല
മൊഴിഞ്ഞോ രചിച്ചോ വര്‍ണ്ണിച്ചീടുവാനുമാകുന്നില്ല
ഓര്‍മ്മകളില്‍ അമരത്വമാര്‍ജ്ജിച്ചൊരെന്‍ ഗന്ധങ്ങളെ.

പുസ്തക താളുകള്‍ക്കിടയില്‍ വാനം കാണാതെ
കാത്തൊരാ മയില്പ്പീലിക്കു കുഞ്ഞ് പിറന്നോയെന്ന്
ഇരുളറയില്‍ വിടര്‍ത്തി നോക്കുമ്പോഴുള്ളൊരാ ഗന്ധം
ഇന്നുമെന്‍ മൂക്കിന്‍ തുമ്പില്‍ നിര്‍വചനമറ്റു തങ്ങി നില്‍ക്കുന്നു.

മണ്ണാം ചിരട്ടയില്‍ മണ്ണപ്പം ചുട്ടതും
കാല്പാദമതിന്‍ മുകളില്‍ മണ്ണിട്ടുമൂടി
പിന്നെ പതിയെ പാദം വലിച്ചൂരി ഗുഹയുണ്ടാക്കി
കളിച്ചപ്പോഴുമുള്ളൊരാ കൈകാലുകള്‍ തന്‍
ഗന്ധം സ്മരിച്ചീടുകില്‍ ഇന്നുമത് ജനിച്ചീടുന്നു.

അമ്പലക്കുളത്തില്‍ ആദ്യമായ് മുങ്ങിയമര്‍ന്നപ്പോള്‍
ദാഹജലമെന്നോളം മൂക്കിലൂടറിയാതെയാരൊ ചൊരിഞ്ഞൊരാ
വെള്ളത്തിന്‍ തെല്ലൊരു ഭീതിയാം ഗന്ധവും
ചൊല്ലിടാനാകാതെ വിമ്മിഷ്ടമാകുന്നുവെൻ മനം.

മണ്ണിനെ മഴ കുളിപ്പിച്ചു തോര്‍ത്തിയതിന്‍
ശേഷമുള്ളൊരാ ഗന്ധം ഇന്നും എനിക്കന്ന്യമല്ലെങ്കിലും
പകര്‍ന്നു നല്‍കുവാനെനിക്കതു സാദ്ധ്യമാകുന്നില്ല
മണ്ണിന്റെയും മഴയുടെയും സ്വന്തക്കാരനായിരുന്നിട്ടും.

ജീവിത ചക്രത്തില്‍ എപ്പൊഴോ കടലുകള്‍ താണ്ടി വന്നൊരെന്‍
പുത്തന്‍ ദിനങ്ങളുടെ ഒറ്റപ്പെട്ട മണമിന്നേറെക്കുറെ
അന്ന്യമായെങ്കിലും സ്മരിച്ചീടുന്നുവാ ഗന്ധവും
ഒരിക്കലും വീണ്ടെടുക്കാന്‍ കഴിയാത്തൊരു ഗന്ധമായ്.

പരിചിതമാമീ ഗന്ധങ്ങളൊക്കെയും എങ്ങനെ
പരിചയപ്പെടുത്തുമെന്നറിയാതെ വിഷണ്ണനാകുമ്പോഴും
മമ സ്മരണകള്‍ക്കു ചിറകുവിരിയിക്കുമീ ഗന്ധങ്ങള്‍
ഒരു വേള സ്മരിച്ചീടുമ്പോള്‍ വന്നു പോകുന്നുവോരോന്നും
മൂക്കിന്‍ തുമ്പിലോ മനസ്സിന്നാഴങ്ങളിലോ അണുവിട ചോരാതെ !!      *****************************************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ