2011, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

ഈ കാലമെന്‍ പ്രവാസകാലം


മരുഭൂമിയുടെയൊരീ  മടുപ്പിക്കുന്നോരാ നിറമെന്‍
നാടിന്റെ ഹരിത നിറമായ്‌ മാറിയെങ്കിലെന്നെന്‍
മിഴികള്‍ ആശിച്ചിടുന്നോരീ കാലമെന്‍ പ്രവാസകാലം ...

വര്‍ഷത്തിലെപ്പോഴോ നാമമാത്രമായ് പെയ്യുന്നൊരീ
മരുമഴയില്‍ നാട്ടിലെ വര്‍ഷകാലമോര്‍ത്തെന്‍
മനവും മിഴിയും കുളിര്‍ക്കുന്നോരീ കാലമെന്‍ പ്രവാസകാലം ...

കത്തി ജ്വലിക്കുമീ സൂര്യനിലെയ്ക്കുള്ളൊരാ ദൂരം
നാട്ടിലെ സൂര്യനെക്കാള്‍ അരികിലെന്നു ഞാന്‍
തിരിച്ചറിയുന്നോരീ കാലമെന്‍ പ്രവാസകാലം …

കടലുതാണ്ടി വന്നോരീ കരയിലും കടല് കടന്നു
തിരിച്ചു പോയിടുകിലെന്‍ ജന്മനാട്ടിലും അതിഥിയായ്
വസിച്ചിടുന്നോരീ കാലമെന്‍ പ്രവാസകാലം ...

കളിയും തമാശയും ശകാരവും ഊട്ടിതന്നോരെന്നാ പഴയ
ബന്ധുമിത്രാദികളില്‍ കൃത്രിമമാമൊരു ബഹുമാനം മാത്രം
മുഖപ്രസാദമായ് വിടരുന്നോരീ കാലമെന്‍ പ്രവാസകാലം ...

ഇന്ന് ഞാന്‍ കാണുന്നൊരീ പല പുതുമുഖങ്ങളിലും
അന്ന് ഞാന്‍ കണ്ട പരിചിത മുഖങ്ങളെ
തിരയുന്നോരീ കാലമെന്‍ പ്രവാസകാലം ...

ആഗ്രഹങ്ങള്‍ തീര്‍ത്തൊരാ സിംഹാസനമതില്‍ ഉപവിഷ്ടനായ്
സ്വപ്നങ്ങള്‍ക്കു ചിറകു മുളപ്പിച്ചു ദീനങ്ങള്‍ക്ക്
സ്വാഗതമോതുന്നോരീ കാലമെന്‍ പ്രവാസകാലം…

പ്രിയരാമൊരാ മിത്രങ്ങളുടെ വിവാഹവും വേര്‍പാടും
മന:കണ്ണുകളില്‍ സങ്കല്‍പ്പിച്ചീടുവാനുള്ളൊരാ ദിവ്യശക്തിയാല്‍
അനുഗ്രഹീതനായിടുന്നോരീ കാലമെന്‍ പ്രവാസകാലം ...

ഇന്നില്ലെങ്കിലെന്തു നാളെയുണ്ടല്ലോ നാളെയില്ലെങ്കിലെന്തു മറ്റന്നാളുണ്ടല്ലോ
എന്നിങ്ങനെയോര്‍ത്തു നാളുകളൊടുക്കി സ്വന്തമായൊരു ദിനം
പോലുമില്ലാത്തൊരീ പ്രവാസി തന്‍ കാലം പ്രവാസകാലം.

                      **********************

കിരാത വേട്ട


കാലമിതെത്ര മുന്നോട്ടു നീങ്ങിയാലും
കിരാതരാം കൂട്ടരവരുടെ കൊടും
ക്രൂരതകള്‍ കുറയുന്നില്ലൊരിക്കലും

ഇന്നലെയത് കണ്ടപ്പോള്‍
നാടും നഗരവും നാട്ടാരുമോതി
സംഭവിക്കില്ലൊരിക്കലുമിനിയും ഇതുപോലൊരു വേട്ട

വാക്കുകള്‍ മാത്രം പാഴ്വാക്കാകുന്നു
പ്രതിജ്ഞകളെ മാത്രം ചിതലരിച്ചിടുന്നു
കിരാതന്മാര്‍ തന്‍ നീരാളി
കരങ്ങള്‍ക്ക് മാത്രം നീളമേറിടുന്നു

ഇന്നലെയവള്‍ക്ക് വേണ്ടി കണ്ണീരൊരുപാടൊഴുക്കി
ഇന്നിപ്പോഴിവള്‍ക്ക് വേണ്ടിയും
നാളെയുമൊഴുക്കീടുവാന്‍ കണ്ണുനീര്‍ മാത്രം ബാക്കിയീ സ്വാര്‍ത്ഥരാം മനുജരില്‍

ആരു പണിതീ നിയമസംഹിതകള്‍
ആര്‍ക്കു വേണ്ടി തീര്‍ത്തുവീ നിയമത്തിന്‍ ചട്ട കൂടുകള്‍
സമയമിതേറെ അതിക്രമിച്ചു മാറ്റിയിതൊന്നെഴുതീടുവാന്‍

സൗമ്യരാമീ സോദരിമാര്‍ ഒരു നിമിഷം സഹിച്ചോരാ വേദന
നൂറിലൊന്നായ് പോലും തിരിച്ചു നല്‍കാന്‍
കഴിയാത്തൊരീ നിയമങ്ങള്‍ കാറ്റില്‍ തുലയട്ടെ

വാര്‍ത്തകള്‍ വില്പന ചരക്കുകളാക്കിടുന്നൊരീ മാദ്ധ്യമത്തിനോ
പണത്തിന്റെ തൂക്കതിനൊത്ത് ചാഞ്ഞു പോയിടുന്നോരീ ന്യായാധിപര്‍ക്കോ
പിന്നാമ്പുറ സത്യങ്ങള്‍ തെളിയിക്കുവാന്‍ ഒട്ടുമില്ല സമയം

നിന്റെയാ സ്വന്തം സോദരിക്കാണോയിത് സംഭവിച്ചതെന്ന്
നെഞ്ചോട്‌ കരം ചേര്‍ത്ത് ചോദിച്ചീടുകില്‍
വന്നിടുമോ ഇന്നീ കാണും നിശ്ചലത നിന്റെയീ കരങ്ങള്‍ക്ക്

ഓരോ കിരാത വേട്ടയ്ക്കുമൊടുവില്‍
കിരാതര്‍ എങ്ങോ പോയ്‌ മറഞ്ഞീടുന്നു
ഇരകളെ മാത്രമീ വേട്ടതന്‍ വാര്‍ഷികത്തില്‍ സ്മരിച്ചീടുന്നു നാം

ഇതുപോലോരിരയ്ക്കും ജന്മമിനിയും ഉണ്ടാകാതിരിക്കട്ടെ
എന്ന് പ്രാര്‍ത്ഥിച്ചീടുവാനുള്ള പിന്‍നാഡിയല്ലാതെ
ഇതുപോലൊരു കിരാതനെയും ജീവിച്ചീടുവാന്‍
അനുവദിക്കയില്ലയീ മണ്ണീലെന്നോതുവാനുള്ള ത്രാണി എന്ന് വരും നമ്മളില്‍

എങ്കിലും എങ്കിലും നാടേറ്റെടുത്തൊരീ
നാം വ്സ്മൃതിയില്‍ പൂഴ്ത്താന്‍ പോകുന്നോരീ നഷ്ടം
ആയുഷ്കാലം മുഴുവനും നഷ്ടമായ് ഭവിച്ചിടും
അവള്‍ തന്‍ കുടുംബമിതൊന്നിനു മാത്രം
   ***********************************

അനിർവ്വചനീയമാം ഗന്ധങ്ങൾ !!

തൊട്ടു കാണിക്കുവാന്‍ അറിഞ്ഞീടുന്നില്ല
വരച്ചു കാണിച്ചീടുവാനും അതാകുന്നില്ല
മൊഴിഞ്ഞോ രചിച്ചോ വര്‍ണ്ണിച്ചീടുവാനുമാകുന്നില്ല
ഓര്‍മ്മകളില്‍ അമരത്വമാര്‍ജ്ജിച്ചൊരെന്‍ ഗന്ധങ്ങളെ.

പുസ്തക താളുകള്‍ക്കിടയില്‍ വാനം കാണാതെ
കാത്തൊരാ മയില്പ്പീലിക്കു കുഞ്ഞ് പിറന്നോയെന്ന്
ഇരുളറയില്‍ വിടര്‍ത്തി നോക്കുമ്പോഴുള്ളൊരാ ഗന്ധം
ഇന്നുമെന്‍ മൂക്കിന്‍ തുമ്പില്‍ നിര്‍വചനമറ്റു തങ്ങി നില്‍ക്കുന്നു.

മണ്ണാം ചിരട്ടയില്‍ മണ്ണപ്പം ചുട്ടതും
കാല്പാദമതിന്‍ മുകളില്‍ മണ്ണിട്ടുമൂടി
പിന്നെ പതിയെ പാദം വലിച്ചൂരി ഗുഹയുണ്ടാക്കി
കളിച്ചപ്പോഴുമുള്ളൊരാ കൈകാലുകള്‍ തന്‍
ഗന്ധം സ്മരിച്ചീടുകില്‍ ഇന്നുമത് ജനിച്ചീടുന്നു.

അമ്പലക്കുളത്തില്‍ ആദ്യമായ് മുങ്ങിയമര്‍ന്നപ്പോള്‍
ദാഹജലമെന്നോളം മൂക്കിലൂടറിയാതെയാരൊ ചൊരിഞ്ഞൊരാ
വെള്ളത്തിന്‍ തെല്ലൊരു ഭീതിയാം ഗന്ധവും
ചൊല്ലിടാനാകാതെ വിമ്മിഷ്ടമാകുന്നുവെൻ മനം.

മണ്ണിനെ മഴ കുളിപ്പിച്ചു തോര്‍ത്തിയതിന്‍
ശേഷമുള്ളൊരാ ഗന്ധം ഇന്നും എനിക്കന്ന്യമല്ലെങ്കിലും
പകര്‍ന്നു നല്‍കുവാനെനിക്കതു സാദ്ധ്യമാകുന്നില്ല
മണ്ണിന്റെയും മഴയുടെയും സ്വന്തക്കാരനായിരുന്നിട്ടും.

ജീവിത ചക്രത്തില്‍ എപ്പൊഴോ കടലുകള്‍ താണ്ടി വന്നൊരെന്‍
പുത്തന്‍ ദിനങ്ങളുടെ ഒറ്റപ്പെട്ട മണമിന്നേറെക്കുറെ
അന്ന്യമായെങ്കിലും സ്മരിച്ചീടുന്നുവാ ഗന്ധവും
ഒരിക്കലും വീണ്ടെടുക്കാന്‍ കഴിയാത്തൊരു ഗന്ധമായ്.

പരിചിതമാമീ ഗന്ധങ്ങളൊക്കെയും എങ്ങനെ
പരിചയപ്പെടുത്തുമെന്നറിയാതെ വിഷണ്ണനാകുമ്പോഴും
മമ സ്മരണകള്‍ക്കു ചിറകുവിരിയിക്കുമീ ഗന്ധങ്ങള്‍
ഒരു വേള സ്മരിച്ചീടുമ്പോള്‍ വന്നു പോകുന്നുവോരോന്നും
മൂക്കിന്‍ തുമ്പിലോ മനസ്സിന്നാഴങ്ങളിലോ അണുവിട ചോരാതെ !!



      *****************************************

പ്രണയിനിക്കായ്

എത്ര ദൂരം എന്നെ വിട്ടകലാന്‍ ശ്രമിച്ചാലും
അത്ര ദൂരം എന്‍ ഹൃദയത്തിന്നടിത്തട്ടില്‍ ആഴ്ന്നിറങ്ങുന്നു നീ

നീ മൗനം വരിക്കുമോരോരോ നിമിഷങ്ങളിലും
ഓരോ മഹാ കാവ്യങ്ങള്‍ പിറവി കൊണ്ടിടുന്നു.

നീ എന്നരികില്ലില്ലാത്ത ഓരോ നിമിഷവും
നീ മാത്രമായെന്‍ കനവുകള്‍ നിറയുന്നു

എന്‍ നയനങ്ങള്‍ നിന്നെ തേടി അലയുമ്പോഴും
അറിയുന്നുവെന്‍ അകകണ്ണാല്‍
ഒളികണ്ണാലുള്ളൊരാ നിന്റെയാ നോട്ടം

തൊടിയില്‍ പുഷ്പിച്ചൊരാ കുസുമത്തെക്കാള്‍ സുന്ദരം
എനിക്കായ് ചൊരിയുമീ പുഞ്ചിരി
പൂകിയ നിന്‍ വദനം തന്നെ പാരില്‍

ബന്ധനം തെല്ലുമത് പ്രിയമല്ലെങ്കിലും
ബന്ധിക്കുമത് നീയായിടുകില്‍ കൊതിക്കുന്നുവാ
ബന്ധനവും മറ്റേതു സ്വാതന്ത്ര്യത്തേക്കാളും

എന്നേക്കാള്‍ എന്നെ നിനക്കും
നിന്നേക്കാള്‍ നിന്നെ എനിക്കും
അറിയുവാന്‍ കഴിയുമതു തന്നെ
ഏതു പൊരുത്തത്തേക്കാളും പൊരുളുള്ളത്

ജന്മമതിനിയുമേറെ ഉണ്ടെന്നതും
ഇന്നുള്ളൊരീ ജന്മം നിന്നെയും ത്യജിച്ച്
വരും ജന്മമതില്‍ ഒന്നിക്കാമെന്നുമുള്ളൊരാ മോഹവും
മുജ്ജന്മമതിൽ മാത്രം എനിക്ക് സ്വന്തം

ഇന്നെന്റെയീ ജന്മം ആ മുജ്ജന്മ സാക്ഷാത്കരണത്തിനും..!





         *****************************

ഈശ്വരനോട് !

മറന്നില്ലൊരിക്കലും ഞാന്‍ എന്നീശ്വരനെ
ഓര്‍ത്തിടുവാന്‍ വിമുഖത തെല്ലറിയാതെ ഭവിച്ചെങ്കിലും
സന്തോഷത്താല്‍ ആയിരം വട്ടം
നിന്‍ നാമം ഉരുവിടുകിലും
സന്താപത്താല്‍ മനം നൊന്തൊരു തവണ
കൂപ്പിടുമതിനു സമം ചേര്‍ക്കുവാന്‍ ആകുമോ അത് ?

അറിയുന്നുവൊക്കെയും എങ്കിലും ഞാനത്
അറിയാത്ത പോലെ യാന്ത്രികമായ് മനം തിരിച്ചു പോകുന്നു.
യാന്ത്രികചലന ഭംഗം വരുന്നോരാ നിമിഷം
നീ മാത്രമാണെന്‍ അഭയം എന്ന പരമാര്‍ത്ഥം
ഒരിക്കല്‍ കൂടി ഞാന്‍ തിരിച്ചറിയുന്നു.

എന്നെ സൃഷ്ടിച്ചതും നീ പരിപാലിക്കുന്നതും നീ
എങ്കിലും എന്റെ കര്‍മ്മത്തിന്‍ കടിഞ്ഞാണ്‍ മാത്രം
എന്റെയീ അപക്വമാം കൈകളില്‍ എന്തിനായ് വിട്ടു തന്നു നീ
നീ തീര്‍ക്കും പരീക്ഷണങ്ങള്‍ ആകാമതൊക്കെയുമെങ്കിലും
നിന്‍ പരീക്ഷണങ്ങളില്‍ ജയിക്കുമവര്‍ അതെത്ര പേര്‍?

നീ തീര്‍ക്കും പരീക്ഷണങ്ങളെല്ലാം തിരിച്ചെടുത്ത്
നീയേല്‍പ്പിച്ചൊരീ കര്‍മ്മത്തിന്‍ കടിഞ്ഞാണ്‍ കൂടെ
നിൻ സര്‍വ്വ ശക്തമാം കരങ്ങളില്‍ തന്നെ ചേര്‍ത്തിരുന്നുവെങ്കില്‍
നീ തന്നെ ആയിടുകില്ലേ നാം ഓരോരുത്തരും..?



            ************************

അമ്മ

അമ്മയ്ക്കു പൊന്നിന്‍ കണിയായിരുന്നു
എന്നുമവന്‍ ഓമനപുത്രന്‍ കണ്ണന്‍
കാലചക്രം കറങ്ങി തിരിയും തിരക്കില്‍
കണ്ണനിലേക്കൊഴുകി വന്നൊരാ പുത്രകളത്രാദികള്‍ക്കിടയില്‍
ബന്ധമില്ലത്തൊരു കേവലം ബന്ധുവായ് മാറിയിരുന്നുവാ അമ്മ

കിടക്ക പായയില്‍ നിന്നു ചുംബിച്ചുണര്‍ത്തി
വാല്‍സല്യമുറ്റുമൊരാ കരത്താല്‍ പുല്‍കുന്നൊരാ
അമ്മതന്‍ ശീലം തന്നരുമ പുത്രനു പകര്‍ന്നു നല്‍കുമ്പൊഴും
ഓര്‍ക്കുന്നില്ല ഒരു വേള പോലും കണ്ണന്‍ തന്നാ മാതാവിനെ

ഇന്നു മരണ കിടക്കയില്‍ പിന്നിട്ട ജീവിതം
ആദ്യാവസാനം അറിയാതെ അയവിറക്കുമ്പോള്‍
കൊതിച്ചിടുന്നു കണ്ണന്‍ അവന്‍ മാതാവിന്‍
വാല്‍സല്യമേറുമൊരാ കര ലാളനം ഒരിക്കല്‍ കൂടെ

കാലചക്രം അപ്പോഴും മാറ്റമില്ലാതെ കറങ്ങിടുന്നു
നാളെകള്‍ അറിയാതെ കണ്ണന്റെ പുത്രന്‍ അതില്‍ നീന്തി തുടിക്കുന്നു..



              *******************************

പ്രണയം

പ്രണയവികാരം ഇന്നെന്നുള്ളില്‍ അന്തമില്ലാത്തൊ-
രനുരാഗ തിരമാലകള്‍ തീര്‍ക്കുന്നുവെങ്കിലും
തിരകള്‍ക്കു വന്നടിയുവാനുള്ളൊരീ
പ്രണയഭാജനമാം കരയെ മാത്രമിന്നെങ്ങും കണ്ടീല

യാത്രതന്‍ വേളയില്‍ എവിടെയോ
നിശബ്ദമാം പ്രണയത്തെ തൊടാതറിഞ്ഞു ഞാന്‍
തൊട്ടാല്‍ പൂവണിഞ്ഞീടുമെന്നിരിക്കിലും
തൊട്ടിടുവാന്‍ മാത്രം കഴിഞ്ഞില്ലൊരിക്കലും

വിചാരങ്ങളില്‍ മുന്നിലുള്ളൊരാ വികാരം
പ്രണയമല്ലെന്നുള്ള സത്യമോ മിഥ്യയോ
ആയൊരെന്‍ ധാരണയാകാം എൻ
ഇഷ്ട പ്രണയത്തിൻ നഷ്ടപ്പെടലിനു പിന്നില്‍

പ്രണയവും പ്രണയിനിയും ഇന്നെനിക്കന്യരെങ്കിലും
പ്രണയം സ്മരണയാകുമ്പോള്‍ ചൊല്ലിടും ഞാനീ ഈരടികള്‍
"നഷ്ട പ്രണയത്തിന്‍ ആയുഷ്കാലമാമൊരു മൂല്യം
നേടിടാനാകുമോ സഫലമാകുമൊരാ പ്രണയത്തിന്‌..?"



        *******************************