2011, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

ഒരു കുറ്റബോധത്തിന്റെ വിജയഗാഥ


           മീനമാസത്തിലെ സൂര്യ രശ്മികള്‍ ലംബ ദിശയില്‍ പതിച്ചിട്ടും രാഘവമേനോനു ആ ചൂടൊന്നും ഏശിയില്ല. തന്റെ മൂത്ത മകള്‍ മാലതിയുടെ വിവാഹം എങ്ങനെ നടത്തണം എന്നുള്ള ആധി മാത്രമായിരുന്നു ആ തലയില്‍. സര്‍ക്കാര്‍ സ്കൂളില്‍ പ്യൂണ്‍ ആയ് വിരമിച്ച രാഘവ മേനോന്റെ ആകെയുള്ള സമ്പാദ്യം നാട്ടിലുള്ള നല്ലൊരു പേര് മാത്രമാണ് . പിരിയുമ്പോള്‍ കിട്ടിയ കാശും മറ്റും മക്കളുടെ വിദ്യാഭ്യാസം തിന്നു തീര്‍ത്തു. ഇളയ മകനായ മനോജിനു ഡോക്ടര്‍ വിഭാഗം പഠിക്കുന്നതിനു വേണ്ടി തന്നെ തെക്കേ പറമ്പു വില്‍ക്കേണ്ടി വന്നു . ആകെ ഉള്ള പുരയിടമാണെങ്കില്‍ ബാങ്കില്‍ പണയത്തിലും.


            " രാഘവേട്ടോ ....മുക്കിലോട്ടുണ്ടോ ..? " പിന്നില്‍ നിന്നും ഓട്ടോ കാരന്‍ രാജേഷിന്റെ വിളി ആയിരുന്നു അത്. "ഇല്ല രാജേഷേ ...നീ പൊയ്ക്കോ ..എനിക്കിവിടെ പോണ വഴിയില്‍ ഒരു വീട്ടില്‍ കൂടെ കല്യാണം വിളിക്കാന്‍ ബാക്കിയുണ്ട് " ഓട്ടോയില്‍ കയറിയാല്‍ പൈസ വാങ്ങില്ല എന്നറിവുള്ളത് കൊണ്ട് രാഘവ മേനോന്റെ അഭിമാനം അവിടെയും മുഴച്ചു തന്നെ നിന്നു.


           വരുന്ന മേയ് ആറിനാണ് മാലുവിന്റെ കല്യാണം. പൊന്നെടുക്കണം. മറ്റുള്ള ചെലവു വേറെ .സഹായ ഹസ്തം പ്രദാനം ചെയ്യാനായ് വേറെ ആരുമില്ല. ദൈവത്തോട് എന്തേലും വഴി കാണിച്ചു തരണേ എന്ന് പ്രാര്‍ഥിക്കുക അല്ലാതെ വേറെ വഴിയൊന്നും രാഘവ മേനോന്‍ കണ്ടില്ല. പിന്നെ ആകെ കൂടി ഉള്ളത് പവന്റെ വിലയേക്കാള്‍ മൂല്യമുള്ള തന്റെ പ്രിയ പത്നി ദേവകി മേനോന്റെ ആശ്വാസ വാക്കുകള്‍ മാത്രമാണ്.


           മാലുവിന്റെ നിശ്ചയം അത്യാവശ്യം കേമമായ് തന്നെ നടത്തിയിരുന്നു. അന്നത് ഭംഗിയായ്‌ നടത്താന്‍ ദൈവം തുണച്ചത്  ബ്ലേഡ് പലിശ കാരന്‍ മുരുകന്റെ രൂപത്തിലായിരുന്നു. ഇന്ന് ആ രൂപം ചെകുത്താന്റെ രൂപം പൂണ്ട് ഊണിലും ഉറക്കത്തിലും അദ്ദേഹത്തെ വിടാതെ പുറകെ കൂടിയിരിക്കയാണ്.

           ആകെ ആശ്വാസമെന്നു പറയാനുണ്ടായ ഒരേ ഒരു ആണ്‍ തരിയാകട്ടെ ഒരു തരത്തില്‍ പോലും ആശ്വാസം ഏകാനായ് വളര്‍ന്നില്ല. മാത്രമല്ല തന്റെ അച്ഛന്റെ പേരും മഹിമയും കളഞ്ഞു കുളിക്കാന്‍ മാത്രം ആയ് പോയ്‌ അവന്റെ ജന്മ നിയോഗം . പഠിക്കുമ്പോള്‍ കൂടെ ഉണ്ടായ ഒരു ക്രിസ്ത്യാനി കൊച്ചുമായ് ഇഷ്ടത്തിലായ് മനോജ്‌. അഭിമാനിയായ രാഘവ മേനോന്‍ ആകട്ടേ ആ ബന്ധതിനോട്  കൂട്ട് നിന്നതുമില്ല.അതോടെ ആ ഭാഗത്ത്‌ നിന്നും ഒന്നും പ്രതീക്ഷിക്കാനില്ലാതായ്. മകന് വേണ്ടി ലക്ഷങ്ങള്‍ മുടക്കിയത് മാത്രം മെച്ചം.


            "ടപ്പേയ്‌..." പുറകിലെ പൊടുന്നനെ ഉണ്ടായ ശബ്ദം കേട്ട് രാഘവ മേനോന്‍ തിരിഞ്ഞു നോക്കി.ഒരു ചെറുപ്പകാരന്‍ ബൈക്കില്‍ നിന്ന് നിലത്തു വീണു ഞെരുങ്ങുകയായിരുന്നു. അവനെ അടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയ്‌ .വിജനമായ ആ ഭാഗത്ത്‌ വേറെ ആരുമില്ല. രാഘവ മേനോന്‍ ഓടിചെന്നു അവന്റെ അടുത്തേക്ക് .ശരീരം മൊത്തം ചോരയില്‍ കുളിച്ചു ബോധമറ്റു കിടക്കുവായിരുന്നു അവന്‍ . അവനെ വാരിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. പരസഹായത്തിനാണേല്‍ ചുറ്റിലും ഒരു മനുഷ്യ കുട്ടി പോലുമില്ല . പയ്യന്റെ കാലിനു മുകളിലായ് കിടക്കുന്ന ബൈക്ക് പൊക്കി മാറ്റുവാനായ് അയാള്‍ ശ്രമിച്ചു. അപ്പോഴാണ്‌ ബൈക്കിന്റെ പോക്കറ്റില്‍ നിന്നും തെന്നി വീഴാന്‍ നില്‍ക്കുന്ന ഒരു ചെറിയ ബാഗ്‌ അദ്ദേഹത്തിന്റെ കണ്ണില്‍ ഉടക്കിയത്. എന്തോ അത് തുറന്നു നോക്കാനാണ് അപ്പൊ അയാള്‍ക്ക്‌ തോന്നിയത്. ആ ബാഗ് മുഴുവന്‍ ആയിരത്തിന്റെ നോട്ട് കെട്ടുകള്‍ ആയിരുന്നു.


            കേവലമായ മനുഷ്യന്റെ സ്വാര്‍ത്ഥത അല്ലെങ്കില്‍ ഒരു അച്ഛന്റെ സ്ഥാനം ഊട്ടി ഉറപ്പിക്കാനുള്ള വ്യഗ്രത അയാളിലും മുള പൊട്ടി .തന്റെ മകളുടെ കല്യാണം . കഴുത്തറക്കാന്‍ നടക്കണ മുരുകന്റെ രൂപം. ആ ഒരു നിമിഷം എല്ലാം മനസ്സിനുള്ളില്‍ തെളിഞ്ഞു നിന്നു. അതേ ..ഇത് തനിക്കു ദൈവമായ് തന്നതാണ് . എന്നദ്ദേഹം മനസ്സിനെ പറഞ്ഞു ബോദ്ധ്യപെടുത്തി. അപ്പോഴാണ്‌ ദൂരെ നിന്നും വരണ ഒരു ഓട്ടോ തന്റെ ശ്രദ്ധയില്‍ പെട്ടത് .ആര് പറഞ്ഞ് കൊടുത്തതാണോ എന്നറിയില്ല ആ ബാഗുമായ് അദ്ദേഹം ദൂരെ ഒരു മറവിന്റെ പിന്നിലേക്ക്‌ നീങ്ങി. അദ്ദേഹം കരുതിയത്‌ പോലെ തന്നെ ആ ഓട്ടോ അവിടെ നിര്‍ത്തി . പയ്യനെയും എടുത്ത് ആശുപത്രിയില്‍ പോയ്‌ . ചുറ്റും ആരും ഇല്ലെന്നു ഉറപ്പു വരുത്തിയ ശേഷം അദ്ദേഹം ആ ബാഗുമായ് വീട് ലക്ഷ്യമാക്കി നീങ്ങി. 58 വയസ്സുവരെ തന്റെ അഭിമാനവും സത്യവും കൈ വിട്ടു ഒരു കാര്യത്തിനും കൂട്ട് നിന്നിട്ടില്ല. തനിക്കിന്ന് ഇതെന്തു പറ്റി എന്ന് ചിന്തിക്കുന്നതോടൊപ്പം തന്നെ തനിക്കിത് ദൈവം തന്നതാണെന്ന ആശ്വാസ മറുമൊഴിയും അദ്ദേഹം തന്നെ മെനഞ്ഞുണ്ടാക്കി വീട്ടിലേക്കു നീങ്ങി .


            "ഓഹ് !! എന്തൊരു ചൂടാ പുറത്തു...കുടിക്കാന്‍ ഒരു പാട്ട കഞ്ഞിവെള്ളം എടുത്തോ ദേവകിയെ " അതും പറഞ്ഞു രാഘവ മേനോന്‍ തന്റെ മുറിക്കുള്ളില്‍ പോയ്‌ . കയ്യിലുള്ള ബാഗ് ശരിയായ് ഒന്ന് തുറന്നു നോക്കാതെ അദ്ദേഹത്തിന് സമാധാനം വന്നില്ല. കതകിന്റെ കുറ്റി അടച്ചു ആ ബാഗ്‌ മുഴുവന്‍ തുറന്നു പരിശോധിച്ചു . കൃത്യം 3 ലക്ഷം രൂപ ഉണ്ട്. കൂട്ടത്തില്‍ ഒരു ഐ ഡി കാര്‍ഡും ഫെഡറല്‍ ബാങ്കിന്റെ ഒരു പാസ് ബുക്കും പേപ്പറും. സുനില്‍. പി. , പടിഞ്ഞാറ്റയില്‍ ഹൗസ് , ആലക്കോട് . തന്റെ നാട്ടില്‍ ഉള്ള ആളല്ല. ബാങ്കില്‍ നിന്ന് പണം എടുത്തു പോകുന്ന ആള്‍ ആകുമെന്ന് മേനോന്‍ ഊഹിച്ചു. അതൊരു ലോണ്‍ എടുത്ത പണമാണെന്ന് കൂടെയുള്ള പേപ്പറില്‍ നിന്നും മനസ്സിലാക്കിയതോടെ രാഘവ മേനോന്റെ മനസ്സില്‍ കുറ്റബോധം നാമ്പിട്ടു .


          നാളുകള്‍ നീങ്ങി. മകളുടെ കല്യാണം എങ്ങനെ നടത്തും എന്നാ ആധിയൊക്കെ മാറി പകരം ആ സുനില്‍ എവിടെയാകും അവനെന്തേലും പറ്റി കാണുമോ എന്നതു മാത്രമായ് ചിന്ത. ഉള്ള അഡ്രസ്‌ വച്ച് അവന്റെ വീട്ടില്‍ പോയ്‌ അന്വേഷിക്കാനും അദ്ദേഹത്തിന് ധൈര്യം വന്നില്ല. തന്റെ ഭര്‍ത്താവിന്റെ അവസ്ഥ കണ്ടു ദേവകി മേനോനും പന്തികേട്‌ തോന്നി. പക്ഷെ കല്യാണം അടുത്തതിന്റെ ആധി ആയിരിക്കുമെന്ന് കരുതി ആശ്വാസ വചനങ്ങള്‍ വേനല്‍ മഴ പോലെ അവര്‍ വര്‍ഷിച്ചു കൊണ്ടേയിരുന്നു.


            കല്യാണത്തിന് ഇനി വെറും 20 ദിനങ്ങള്‍ മാത്രം. രാഘവ മേനോന്റെ മനസ്സ് കുറ്റബോധം കൊണ്ട് നിറഞ്ഞു. ഇതുവരെ ഒരു കറയും പുരളാത്ത ജീവിതമായിരുന്നു. ഇന്നയാളുടെ കൈകളിലും മനസ്സിലും കുറ്റബോധത്തിന്റെ പാടുകള്‍. ബാഗിലുള്ള പണം കാണുമ്പോഴൊക്കെ രക്തം വാര്‍ന്നോലിക്കണ സുനിലിന്റെ ചിത്രമായിരുന്നു അയാളുടെ മനസ്സില്‍ വന്നത്. അപ്പോഴും ആ പയ്യന്‍ ജീവിചിരിക്കണേ.. അവനൊന്നും പറ്റരുതേ എന്നയാള്‍ മനമുരുകി പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു.


                  ശിവന്റെ കോവിലില്‍ പോയ്‌ തിരിച്ചു വീട്ടിലോട്ടു കയറുകയായിരുന്നു ദേവകിയും മാലുവും . അപ്പോഴാണ്‌ പുറകില്‍ നിന്നും വിളി വന്നത്. " ദേവകീയേടത്തീ നിങ്ങടെ പ്രാര്‍ത്ഥന ഈശ്വരന്‍ കേട്ടു ...മാലു ഭാഗ്യം ചെയ്ത കുട്ടിയാ...ഇത്തവണത്തെ കേരള ഭാഗ്യ കുറിയുടെ 50 ലക്ഷം രൂപ നിങ്ങള്‍ക്കാ അടിച്ചത്." ലോട്ടറി എജന്റ്റ് ജോണ്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു നിര്‍ത്തി. ദേവകിക്കു ഒന്നും പറയാന്‍ വാക്കുകള്‍ പുറത്തു വന്നില്ല.അവര്‍ കാണുന്നത് സ്വപ്നമാണോ അതോ സത്യമാണോ എന്ന് തിരിച്ചറിയാന്‍ തന്നെ ഏതാനും നിമിഷങ്ങള്‍ വേണ്ടി വന്നു.


                    പുറത്തെ കോലാഹലം കേട്ട് രാഘവ മേനോനും വെളിയില്‍ വന്നു. "രാഘവേട്ടാ ആരുമില്ലാത്തവര്‍ക്ക് ദൈവം തുണ ഉണ്ട്. ഞാന്‍ എന്നും പറയാറില്ലേ ദൈവം നമ്മളെ കൈ വെടില്ലെന്നു " ദേവകിയുടെ കണ്ണുകളില്‍ നിന്ന് ആനന്ദാശ്രുക്കള്‍ തുളുമ്പി. രാഘവ മേനോന്‍ ഒന്നും പറയാനാകാതെ പത്രത്തിലെ ലോട്ടറി റിസല്‍ട്ടുമായ് തന്റെ കയ്യിലെ ലോട്ടറി നമ്പര്‍ ഒപ്പിച്ചു നോക്കുന്ന മാലുവിനേയും ജോണിനെയും നോക്കി നില്‍ക്കാനെ കഴിഞ്ഞുള്ളു. മാവേലി സ്റ്റോറില്‍ പോയപ്പോള്‍ ജോണിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ദേവകി മേനോന്‍ തന്നെ എടുത്തതായിരുന്നു ആ ടിക്കറ്റ് .


                രാഘവ മേനോന്റെ മനസ്സിനെ കുറ്റബോധം കാര്‍ന്നു തിന്നുകയായിരുന്നു.ദൈവം അന്ന് തന്നെ പരീക്ഷിക്കുവായിരുന്നോ .അതിനിടയില്‍ എങ്ങനെയോ അപകടത്തില്‍ പെട്ട സുനിലിനെ കുറിച്ച് മേനോന്‍ അറിയാന്‍ ഇടയായ് .തന്റെ വീടിന്റെ ആധാരം പണയപെടുത്തി ബിസിനസ്‌ ആരംഭിക്കാന്‍ പോകുവായിരുന്നു സുനില്‍. ലോണിന്റെ ആദ്യ ഗഡു എടുത്തു വരുന്ന ആ വരവില്‍ ആയിരുന്നു എല്ലാം സംഭവിച്ചത്. അവന്റെ അച്ഛനും അമ്മയ്ക്കും അവന്‍ ഒരേ ഒരു മകന്‍ മാത്രം. അന്നത്തെ ആ അപകടത്തില്‍ അവന്റെ വലതു കാല്‍ പോയ്‌.ഓപ്പറേഷനും മറ്റും ആയ് ആശുപത്രിയില്‍ വലിയ തുകയായ്‌ . ഇനിയും ഒരു പാട് ചികിത്സ തുടരേണ്ടതുമുണ്ട്‌. തന്റെ കയ്യിലുള്ള അവന്റെ 3 ലക്ഷത്തിനു പകരം 6 ലക്ഷം അവന്റെ വീട്ടില്‍ എത്തിക്കുവാന്‍ ഉള്ള ആഗ്രഹം മനസ്സില്‍ ഉണ്ടായിരുന്നിട്ടും അതിനുള്ള ധൈര്യം അദ്ദേഹത്തിന് ഉണ്ടായില്ല.


                 കല്യാണ ദിവസം വന്നു . ലോട്ടറി അടിച്ചതുകൊണ്ടോ എന്തോ കല്യാണം ഏറ്റെടുത്ത് നടത്താന്‍ ആള്‍ക്കാരും ബന്ധുക്കളും ആവശ്യത്തിലേറെ. രാഘവേട്ടന് അച്ഛന്റെ സ്ഥാനത്ത് നിന്ന് മുഖത്ത് ഒരു കൃത്രിമ ചിരിയും വരുത്തി വാതുക്കല്‍ നില്‍ക്കേണ്ടി വന്നതേയുള്ളൂ.


                  കല്യാണം ഭംഗിയായ്‌ കഴിഞ്ഞു .രാഘവ മേനോനും പത്നിയും മാത്രം തനിച്ചായ് വീട്ടില്‍. വൈകുന്നേരം ചായ സമയത്ത് ദേവകി പത്രത്തില്‍ വന്ന തന്റെ മകളുടെ കല്യാണ ഫോട്ടോ രാഘവമേനൊനു കാട്ടി കൊടുത്തു. പത്രത്തിലോട്ടു നോക്കിയ രാഘവ മേനോന്റെ കണ്ണുകള്‍ ഉടക്കിയത് മറ്റൊരു തലകെട്ടില്‍ ആയിരുന്നു ."മാനസിക സംഘര്‍ഷത്താല്‍ യുവാവ് ആത്മഹത്യ ചെയ്തു ". ഗ്ലാസിലെ ചായ തട്ടി മറിഞ്ഞു.


                സുനിലിന്റെ മുഖവും മനസ്സിലേറ്റി ഉറങ്ങാന്‍ കിടന്ന രാഘവമേനൊനു കുറ്റബോധം പണിത  ചുവരറകള്‍ക്കുള്ളില്‍ വീര്‍പ്പുമുട്ടി. അദ്ദേഹം കിടക്കയില്‍ നിന്നെഴുന്നേറ്റു. 3 ലക്ഷം വച്ച ആ ബാഗിന്റെ അടുത്ത് നീങ്ങി. ആ ഐ. ഡി യില്‍ ഉണ്ടായ ഫോട്ടോയും പേപ്പറില്‍ വൈകുന്നേരം കണ്ട ഫോട്ടോയും ഒന്ന് തന്നെ ആണോ എന്ന് വീണ്ടും വീണ്ടും ഉറപ്പു വരുത്തി. തന്റെ കരങ്ങള്‍ക്ക് അന്ന് സുനിലിനെ പിടിചെഴുന്നെല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ പറ്റിയ രക്തത്തിന്റെ അതേ മണം. രാഘവ മേനോന് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു കുറ്റബോധത്തിന്റെ ആ ഭാണ്ഡകെട്ടുകളുടെ ഭാരം. പിന്നീട് ഒന്നും ചിന്തിക്കാന്‍ അദ്ദേഹം നിന്നില്ല. അടുക്കളയുടെ അട്ടത്തിന്റെ മുകളിലുള്ള 5 മുളം കയറുകള്‍ക്കുള്ളില്‍ കുറ്റബോധം മാത്രം ഭാരമായുള്ള തന്റെയാ ശരീരം എന്നെന്നേക്കുമായ് അദ്ദേഹം അവസാനിപ്പിച്ചു .


                 മരിക്കാന്‍ പോകുന്നതിനിടയിലും ലോട്ടറി അടിച്ചതിന്റെ ബാക്കി പണവും തന്റെ ജീവിതം കളഞ്ഞ രക്തം പുരണ്ട ആ 3 ലക്ഷവും സുനിലിന്റെ പ്രായമായ മാതാപിതാക്കള്‍ക്ക് എഴുതി വയ്ക്കാന്‍ അദ്ദേഹം മറന്നില്ല. പരലോകത്തിലെങ്കിലും കുറ്റബോധത്തിന്റെ ഭാരത്തിനൊരു തെല്ലു അയവുണ്ടാകാന്‍ അദ്ദേഹം കൊതിച്ചു. വെളുപ്പാന്‍ കാലത്ത് ചായയുമായ് വന്നു വിളിക്കുമ്പോള്‍ വിളികേള്‍ക്കാന്‍ മാത്രം ഉള്ള ദൂരത്തില്‍ നിന്നും മാറി അദ്ദേഹം വേറേതോ ലോകത്ത് പോയതൊന്നും അറിയാതെ ദേവകീ മേനോന്‍ അപ്പോഴും നല്ല ഉറക്കത്തിലായിരുന്നു.

                      *************************************************************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ